Vellarada Murder: ‘രോമങ്ങളും തലമുടിയും മുറിയുടെ മൂലയിൽ കൂട്ടിയിട്ടു; മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്ര പ്രതിമകൾ; അവന്‍ ബ്ലാക്ക് മാജിക്കിന്‍റെ ആളാണ്’
Family Suspects Black Magic Involvement In Vellarada Murder: കൊലപാതകം നടത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ് അവൻ ശരീരത്തിലെ രോമങ്ങളും തലമുടിയും വടിച്ചെന്നും അത് മുറിയുടെ മൂലയിൽ കൂട്ടിയിട്ടിരുന്നു. കൂടാതെ മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും സൂക്ഷിച്ചിരുന്നുവെന്നും അമ്മ പറയുന്നു.

Prijin
വെള്ളറട: കിളിയൂരിൽ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ അച്ഛനെ കൊല്ലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകൻ പ്രജിൻ ജോസിന്റെ സ്വഭാവത്തിൽ മാറ്റം ഭയന്നാണ് താനും ഭർത്താവും കഴിഞ്ഞതെന്നും അവൻ ബ്ലാക്ക് മാജിക്കിന്‍റെ ആളാണെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു കിളിയൂർ ചരുവിള ബംഗ്ലാവിൽ ജോസിനെ മകൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഹാളിലെ സോഫയിൽ ചാരികിടക്കുകയായിരുന്ന ജോസിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. പരിക്കേറ്റ ജോസ് ഓടിരക്ഷപ്പെടാണ ശ്രമിക്കുന്നതിനിടെ അടുക്കളയിൽവെച്ച് വീണ്ടും കഴുത്തിലും തലയിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയത്. ഇതിനു ശേഷം കാറോടിച്ച് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന് ആരോപിച്ചായിരുന്നു പിതാവിനെ കൊലപ്പെടുത്തിയതെന്ന് പ്രജിൻ പോലിസിനോട് പറഞ്ഞു.
വീട്ടിലെ രണ്ടാം നിലയിലാണ് പ്രജിൻ താമസിക്കുന്നത്. നിഗൂഢമായ ജീവിതമായിരുന്നു അവന്റെത് എന്നാണ് അമ്മ സുഷമ പറഞ്ഞു. ചെന്നൈയിലെ മെഡിക്കൽ പഠനം പൂർത്തിയാക്കത്തതിൽ വിഷമവും മകനുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. പിന്നീട് വീട്ടിൽ വെറുതെ ഇരിക്കുന്നതിനിടെയിലാണ് ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചിയിൽ സിനിമാപഠനത്തിനു പോയത്. ഇതിനു ശേഷമാണ് പ്രജിന്റെ സ്വഭാവത്തിൽ മാറ്റം വന്ന് തുടങ്ങിയതെന്നും പിന്നീട് പള്ളിയിൽ പോകാൻ മടി കാട്ടിയെന്നും അമ്മ പറയുന്നു.
എപ്പോഴും മുറിയിലാണ് അവൻ ഉണ്ടായതെന്നും അവിടേക്ക് വേറാർക്കും പ്രവേശനം നൽകിയിരുന്നില്ലെന്നും അമ്മ പറയുന്നു. മുറി ലോക്ക് ചെയ്താണ് പുറത്തേക്ക് പോകുന്നതെന്നും എന്തെങ്കിലും ചോദിച്ചാൽ മർദിക്കുമെന്നും അമ്മ പറയുന്നു. കൊലപാതകം നടത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ് അവൻ ശരീരത്തിലെ രോമങ്ങളും തലമുടിയും വടിച്ചെന്നും അത് മുറിയുടെ മൂലയിൽ കൂട്ടിയിട്ടിരുന്നു. കൂടാതെ മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും സൂക്ഷിച്ചിരുന്നുവെന്നും അമ്മ പറയുന്നു.
സാത്താൻ സേവ പോലുള്ള ആഭിചാരകർമങ്ങളിൽ മകൻ ഏർപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അമ്മ പറയുന്നു. മകൻ ജാമ്യത്തിൽ പുറത്തിറങ്ങിയാൽ താനും മകളുമായിരിക്കും അവന്റെ അടുത്ത ഇരകൾ എന്നും സുഷമ വെളിപ്പെടുത്തിയിരുന്നു. നിലവിൽ നെയ്യാറ്റിൻകര തൊഴുക്കൽ ജയിലിൽ റിമാൻഡിൽ ആണ് പ്രജിൻ.