Omchery N.N. Pillai : എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു
Omchery N.N. Pillai Death: ഡൽഹി സെൻ്റ് സ്റ്റീഫൻസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം, ഒമ്പത് മുഴുനീള നാടകങ്ങളും 80-ലധികം ഏകാംഗ നാടകങ്ങളും, ഇതിന് പുറമെ നോവലുകളും ഓംചേരി എഴുതിയിട്ടുണ്ട്
ന്യൂഡൽഹി: പ്രുമുഖ എഴുത്തുകാരനും നാടാകാചര്യനുമായിരുന്ന ഓംചേരി എൻഎൻ പിള്ള അന്തരിച്ചു. 100 വയസ്സായിരുന്നു അദ്ദേഹത്തിന്. ഡൽഹി സെൻ്റ് സ്റ്റീഫൻസ് ആശുപത്രിയിലായിരുന്നു അന്ത്യം. കേന്ദ്ര- സംസ്ഥാന സാഹിത്യ പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കത്ത് 1924 ഫെബ്രുവരി 1 ന് ഓംചേരി നാരായണൻ പിള്ളയുടെയും പാപ്പിക്കുട്ടി അമ്മയുടെയും മകനായാണ് അദ്ദേഹത്തിൻ്റെ ജനനം. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം കവിതകൾ എഴുതിത്തുടങ്ങിയിരുന്നു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1951-ൽ ഡൽഹി ആകാശവാണി വാർത്താ വിഭാഗത്തിൽ ചേരുകയും പിന്നീട് പ്രസിദ്ധീകരണ വിഭാഗത്തിൽ എഡിറ്ററായി സ്ഥാനക്കയറ്റം നേടുകയും ചെയ്തു.
പെൻസിൽവാനിയ യൂണിവേഴ്സിറ്റി, വാട്ടൻ സ്കൂൾ, ന്യൂ മെക്സിക്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ഉപരിപഠനം പൂർത്തിയാക്കിയ അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലും ജോലി ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ ചീഫ് സെൻസർ ഓഫീസിലും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലും ജോലി ചെയ്ത ശേഷം 1989 ഫെബ്രുവരി 1-ന് അദ്ദേഹം കേന്ദ്രസർവീസിൽ നിന്ന് വിരമിച്ചു. പിന്നീട് ഭാരതീയ വിദ്യാഭവനിൽ ചേരുകയും 2019 ഡിസംബർ വരെ അവിടെ ജോലി ചെയ്യുകയും ചെയ്തു .
പാർലമെൻ്റിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ഗോപാലൻ്റെ (എകെജി) നിർദേശപ്രകാരമാണ് പിള്ള തൻ്റെ ആദ്യ നാടകമായ ഈ വെളിച്ചം നമ്മുടേത് രചിച്ചത് . പാർലമെൻ്റ് അംഗങ്ങളായ കെ സി ജോർജ്, പി ടി പൊന്നൂസ്, ഇ കെ ഇമ്പിച്ചി ബാവ , വി പി നായർ തുടങ്ങിയവർ അന്ന് നാടകത്തിൽ അഭിനയിച്ചു. ഒമ്പത് മുഴുനീള നാടകങ്ങളും 80-ലധികം ഏകാംഗ നാടകങ്ങളും ഓംചേരി എഴുതിയിട്ടുണ്ട്.
1963-ൽ അദ്ദേഹം ‘എക്‌സ്‌പെരിമെൻ്റൽ തിയേറ്റർ’ എന്ന നാടക സംഘടന സ്ഥാപിച്ചു. തിരഞ്ഞെടുത്ത 26 നാടകങ്ങളുടെ ഒരു സമാഹാരം 2011 നവംബർ 27-ന് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ സാംസ്‌കാരിക മേഖലകളിലെ സ്ഥിരം സാന്നിധ്യമായ ഓംചേരി ഡൽഹി ഭാരതീയ വിദ്യാഭവൻ്റെ പ്രിൻസിപ്പലുമായിരുന്നു. പ്രശസ്ത ഗായികയും പ്രശസ്ത ഗായകൻ കമുകറ പുരുഷോത്തമൻ്റെ സഹോദരിയുമായ ലീല ഓംചേരിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത് . ദമ്പതികൾക്ക് എസ് ഡി ഓംചേരി എന്ന മകനും പ്രശസ്ത ക്ലാസിക്കൽ നർത്തകി ദീപ്തി ഓംചേരി ഭല്ല എന്ന മകളും ഉണ്ട്.
പുരസ്കാരങ്ങൾ
1972: പ്രളയം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ്
2010: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്
2013: പ്രവാസി കലാരത്ന അവാർഡ്
2020: ആകാസ്മികം എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ് ,
2022: കേരള പ്രഭ , കേരളത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി