Kuttankulangara Sreenivasan: ഗജവീരൻ കുട്ടൻകുളങ്ങര ശ്രീനിവാസൻ ചെരിഞ്ഞു
Kuttankulangara Sreenivasan Elephant: വലിയ എടുത്തകന്ന നല്ല കൊമ്പുകളും നല്ല ചെവിയും നിലത്ത് മുട്ടുന്ന തുമ്പിക്കൈയും ശ്രീനിവാസൻ്റെ പ്രത്യേകതകളാണ്

കുട്ടൻ കുളങ്ങര ശ്രീനിവാസൻ | Credits: Kuttankulangara Sreenivasan Facebook Page
തൃശ്ശൂർ: ഗജവീരൻ കൊമ്പൻ കുട്ടൻകുളങ്ങര ശ്രീനിവാസൻ ചെരിഞ്ഞു. മരണ കാരണം വ്യക്തമല്ല. തൃശൂർ പൂങ്കുന്നം കുട്ടൻ കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ആന. ഏകദേശം 41 വയസ്സോളം പ്രായമുണ്ട്. തമിഴ്‌നാട്ടിൽ ജനിച്ച ആനക്കുട്ടിയെ 1991 ൽ കുട്ടൻ കുളങ്ങര ക്ഷേത്രത്തിൽ നടയിരുത്തിയതാണ്. ഉയരം കുറവാണെങ്കിലും അഴകിൽ മറ്റെല്ലാ ആനകളെയും ഒരു പടി താഴെ നിർത്തുന്നതായിരുന്നു ശ്രീനിവാസൻ്റെ ഭംഗി.
വലിയ എടുത്തകന്ന നല്ല കൊമ്പുകളും നല്ല ചെവിയും നിലത്ത് മുട്ടുന്ന തുമ്പിക്കൈയും ശ്രീനിവാസൻ്റെ പ്രത്യേകതകളാണ്. നാടൻ ആനകളെ വെല്ലുന്നതായിരുന്നു ആനയുടെ ഭംഗി. മാതംഗലീലയിൽ പറയുന്ന ഒട്ടുമിക്ക ലക്ഷണശാസ്ത്രങ്ങളും ശ്രീനിവാസനിലും കാണാം. ഉയരം കൃത്യമായി നോക്കിയാൽ 9 അടി 4 ഇഞ്ച് ആണ്.
ശ്രീനിവാസൻ കഴിഞ്ഞ 33 വര്‍ഷമായി കുട്ടൻകുളങ്ങര അടക്കം കേരളത്തിലെ ഒട്ടു മിത്ത ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിലും പങ്കെടുത്തിരുന്നു. ശ്രീനിവാസനെ കൂടാതെ കുട്ടൻകുളങ്ങര അർജുൻ എന്ന കൊമ്പനും ദേവസ്വത്തിന് സ്വന്തമായുണ്ട്. അതേസമയം ആന ചെരിയാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ശരീരത്തിലുണ്ടായ അണുബാധയെന്ന് ഒരു വിഭാഗം ആനപ്രേമികൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. നടപടിക്രമങ്ങൾക്ക് ശേഷം ശവസംസ്കാരം കോടനാട് നടക്കും.