കെ കെ ശൈലജയ്‌ക്കെതിരെ വ്യാജപ്രചാരണം; മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
സമൂഹമാധ്യമങ്ങളിലുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് തനിക്കെതിര യുഡിഎഫ് വ്യാജപ്രചാരണം നടത്തുന്നത്. തനിക്ക് കിട്ടുന്ന ജനസമിതിയില്‍ വെറളിപൂണ്ടാണ് യുഡിഎഫ് ഇത്തരം പ്രവൃത്തി ചെയ്യുന്നതെന്നും ശൈലജ പരാതിയില്‍ പറയുന്നു
കണ്ണൂര്‍: കെ കെ ശൈലജയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായി ടി എച്ച് അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. ന്യൂമാഹി യുഡിഎഫ് ചെയര്‍മാന്‍ കൂടിയാണ് ഇയാള്‍. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ശൈലജയ്‌ക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നാണ് കേസ്.
മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശൈലജയ്‌ക്കെതിരെ അസ്ലം വ്യാജ പ്രചാരണം നടത്തുകയായിരുന്നു. മുസ്ലിം ജനവിഭാഗം ആകെ വര്‍ഗീയവാദികളാണെന്ന് ശൈലജ പറയുന്ന രീതിയിലുള്ള വ്യാജ വീഡിയോയാണ് അസ്ലം ഗ്രൂപ്പില്‍ പങ്കുവെച്ചത്.
അതേസമയം, തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ശൈലജ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെയും ശൈലജ പരാതിപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഷാഫി പറമ്പിലിനെതിരെ പരാതി കൊടുത്തിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അറിവോടെയാണ് സൈബര്‍ ആക്രമണമെന്നും സ്ഥാനാര്‍ഥിയും യുഡിഎഫും വ്യക്തിഹത്യ നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
ഫോട്ടോ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റ് ചെയ്തും വ്യാജ പ്രചാരണം നടത്തുന്നു. തന്നെ തേജോവധം ചെയ്യുകയാണ് യുഡിഎഫ്. പൊലീസില്‍ പരാതി കൊടുത്തിട്ടും നടപടിയുണ്ടായിട്ടില്ല. സമൂഹമാധ്യമങ്ങളിലുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് തനിക്കെതിര യുഡിഎഫ് വ്യാജപ്രചാരണം നടത്തുന്നത്. തനിക്ക് കിട്ടുന്ന ജനസമിതിയില്‍ വെറളിപൂണ്ടാണ് യുഡിഎഫ് ഇത്തരം പ്രവൃത്തി ചെയ്യുന്നതെന്നും ശൈലജ പരാതിയില്‍ പറയുന്നു.
അതേസമയം, കെകെ ശൈലജയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി മന്ത്രി പി രാജീവ് രംഗത്തുവന്നിരുന്നു. പുരോഗമന സമൂഹത്തിന് നിരക്കാത്ത ഇത്തരം ചെയ്തികളില്‍ നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാതിരുന്നതിനാലാണ് തുടര്‍ച്ചയായ അശ്ലീല സൈബര്‍ ആക്രമണങ്ങള്‍ അണികള്‍ അഴിച്ചുവിടുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു. ശൈലജയെ മോശം വാക്കുകള്‍ കൊണ്ട് തേജോവധം ചെയ്യുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതിനെ അതിശക്തമായി അപലപിക്കുന്നു. വിഷയത്തില്‍ കേരളത്തിലെ മുഴുവനാളുകളും ടീച്ചര്‍ക്കൊപ്പം നിലകൊള്ളുമെന്നും കോണ്‍ഗ്രസിന്റെ സൈബര്‍ അശ്ലീലസംഘത്തെ ഒറ്റപ്പെടുത്തുമെന്നും മന്ത്രി രാജീവ് പറഞ്ഞു.