കൊച്ചിയിൽ കോടികൾ ചോർത്താൻ വ്യാജ പോലീസ് ; തട്ടിപ്പ് അറസ്റ്റ് വാറണ്ടിൻ്റെ പേരിൽ
വ്യാജ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേർ കൂടി കൊച്ചിയിൽ അറസ്റ്റിലായി.
കൊച്ചി: കടുവയെ പിടിച്ച കിടുവ വാർത്തകൾ പോലെയാണ് പോലീസിനെ വെല്ലുന്ന വ്യാജ പോലീസ് വാർത്തകൾ. പലപ്പോഴും അതിന്റെ മറുഭാഗത്ത് വലിയ തട്ടിപ്പുകളാവും ഉണ്ടാവുക. വ്യാജ പോലീസ് സ്റ്റിക്കർ പതിച്ച് പോലീസിനെ കബളിപ്പിച്ച് തിരുവനന്തപുരത്തെത്തിയ തമിഴ്നാട് സ്വദേശി പിടിയിലായ വാർത്തയ്ക്ക് പിന്നാലെ കൊച്ചിയിലും വ്യാജ പോലീസ് ചമഞ്ഞ സംഭവം നടന്നു.
സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നു പറഞ്ഞ് ആലുവ സ്വദേശിയില്‍ നിന്ന് കോടികള്‍ തട്ടിയ സംഭവം കേരളത്തിൽ നടന്നത് അടുത്തിടെയാണ്. ഇതിനു പിന്നാലെ രണ്ടു പേർ കൂടി അറസ്റ്റിൽ ആയി. കോഴിക്കോട് നടക്കാവ് ക്രസന്റ് മാന്‍സാ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കുമ്പള സ്വദേശി അബ്ദുള്‍ ഖാദര്‍ (59), കുന്ദമംഗലം കുറ്റിക്കാട്ടൂര്‍ ബെയ്തുല്‍ അന്‍വര്‍ വീട്ടില്‍ അമീര്‍ (29) എന്നിവരെയാണ് ബുധനാഴ്ച ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ സംഘം പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫാറൂഖ് മലയില്‍ അശ്വിന്‍ (25), മേപ്പയൂര്‍ എരഞ്ഞിക്കല്‍ അതുല്‍ (33 ) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു എന്നാണ് വിവരം. ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് ആലുവ സ്വദേശിയായ 62 കാരനില്‍ നിന്ന് ഇവര്‍ തട്ടിയെടുത്തത്. തട്ടിപ്പിനായി സുപ്രീം കോടിതിയുടെ അറസ്റ്റ് വാറണ്ട് എന്ന വിഷയമാണ് ഇവർ മുന്നോട്ടു വച്ചത്.
മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിന്റെ ക്ലിയറന്‍സിനും സെക്യൂരിറ്റിക്കുമാണെന്ന് പറഞ്ഞാണ് പ്രതികള്‍ പണം കൈക്കലാക്കിയത്.
ആറു പ്രാവശ്യമായി അഞ്ച് അക്കൗണ്ടുകളിലേക്കാണ് തുക നല്‍കിയത് എന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു. ഇപ്പോൾ പിടികൂടിയവർക്ക് പുറമേ മറ്റു രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആദ്യം പിടികൂടിയ ഈ രണ്ടു പേര്‍ നിരവധി അക്കൗണ്ടുകളാണ് എടുത്തിട്ടുള്ളതായി രേഖകൾ വ്യക്തമാക്കുന്നത്. നിയമാനുസൃതമല്ലാത്ത ആപ്പുകളിലൂടെ ഇവര്‍ ഒണ്‍ലൈന്‍ ട്രേഡിങ് നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഇവരുടെ അക്കൗണ്ടുകള്‍ തട്ടിപ്പ് സംഘത്തിന് വില്‍പ്പന നടത്തിയിരിക്കുകയാണ്. ഈ അക്കൗണ്ടുകളിലേക്കാണ്, ഇരകളായവരും പ്രതികളും പണം നിക്ഷേപിച്ചിട്ടുള്ളത്. ഈ പണം പിന്‍വലിച്ച് പ്രധാന പ്രതികള്‍ക്ക് നല്‍കുന്നത് ഇപ്പോള്‍ പിടികൂടിയ രണ്ട് പേരാണ്. ഇതിന്റെ കമ്മീഷനായി ഒരു ചെറിയ തുക അക്കൗണ്ട് ഉടമയ്ക്ക് നല്‍കുകയും ചെയ്യും. കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടക്കുന്നത്.
ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.അജിത്ത്കുമാര്‍, എ.എസ്.ഐ ആര്‍.ഡെല്‍ ജിത്ത്, സിനിയര്‍ സി.പി.ഒ മാരായ വികാസ് മണി, പി.എസ്.ഐനീഷ്, ജെറി കുര്യാക്കോസ്, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. നിരവധി പേരില്‍നിന്ന് അക്കൗണ്ടുകള്‍ തട്ടിപ്പ് സംഘം വിലക്ക് വാങ്ങി ഇത്തരം തട്ടിപ്പുകള്‍ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.