Fake Bomb Threat at Kollam Collectorate: കൊല്ലം കളക്ട്രേറ്റിന് നേരെയും ബോംബ് ഭീഷണി; പരിശോധന നടത്തി ബോംബ്-ഡോഗ് സ്ക്വാഡുകൾ
Police Find Nothing in Kollam Collectorate Fake Bomb Threat: മൂന്ന് ബോംബ് ഭീഷണി സന്ദേശങ്ങളും ഒരാൾ തന്നെയാണോ അയച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. സന്ദേശത്തിന്റെ ഉറവിടം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.

ബോംബ്-ഡോഗ് സ്‌ക്വാഡുകൾ കളക്ട്രേറ്റിൽ പരിശോധന നടത്തുന്നു.
കൊല്ലം: പത്തനംതിട്ട, തിരുവനന്തപുരം കളക്ട്രേറ്റുകൾക്ക് പിന്നാലെ കൊല്ലം കളക്ട്രേറ്റിന് നേരെയും ബോംബ് ഭീഷണി. കൊല്ലം കളക്ടർക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് ജില്ലാ കളക്ടർ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് വിശദമായ പരിശോധന നടത്തി. പരിശോധനയിൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല.
ഇന്ന് (ചൊവ്വാഴ്ച) രാവിലെ പത്തനംതിട്ട കളക്ട്രേറ്റിന് നേരെയാണ് ആദ്യം ബോംബ് ഭീഷണി ഉണ്ടായത്. പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഇമെയിലിലേക്ക് രാവിലെ 6.45ഓടെ ഭീഷണി സന്ദേശം വരികയായിരുന്നു. ഇതോടെ മുഴുവൻ ജീവനക്കാരേയും കെട്ടിടത്തിൽ നിന്ന് പുറത്തിറക്കി പോലീസ് പരിശോധന നടത്തി. പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. വ്യാജ സന്ദേശമാണ് വന്നതെന്നും ഉറവിടം ഉടൻ തന്നെ കണ്ടെത്തുമെന്നും പോലീസ് വ്യക്തമാക്കി.
ALSO READ: കോഴിക്കോട് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമ
തുടർന്ന് ഉച്ചയോടെ തിരുവനന്തപുരം കളക്ട്രേറ്റിന് നേരെയും ഭീഷണി സന്ദേശം ഉയർന്നു. അതും ഇമെയിൽ വഴിയായിരുന്നു ലഭിച്ചത്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിക്കുന്നതിനിടെ കളക്ട്രേറ്റിന് മുൻവശത്തുണ്ടായിരുന്ന കൂറ്റൻ തേനീച്ച കൂട് ഇളകി. സബ് കളക്ടർ ഒ വി ആൽഫ്രഡിനും, ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർക്കും, കളക്ടറേറ്റ് ജീവനക്കാർക്കും, മാധ്യമപ്രവർത്തകർക്കും ഉൾപ്പടെ തേനീച്ച കുത്തേറ്റു.
മൂന്ന് ബോംബ് ഭീഷണി സന്ദേശങ്ങളും ഒരാൾ തന്നെയാണോ അയച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. സന്ദേശത്തിന്റെ ഉറവിടം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.