Sobha Surendran: ശോഭ സുരേന്ദ്രൻ്റെ വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; ആക്രമണം ബൈക്കിലെത്തി
Blast Near Sobha Surendran House: ബൈക്കിൽ എത്തിയ നാലു പേരടങ്ങുന്ന സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ്റെ (Sobha Surendran) വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് വെള്ളിയാഴ്ച്ച രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയ നാലു പേരടങ്ങുന്ന സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.
ശോഭ സുരേന്ദ്രൻ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയാണ് സ്ഫോടനം നടന്നിരിക്കുന്നത്. വീടിന് മുന്നിലുള്ള റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ജില്ലയിലെ എല്ലാ ബിജെപി നേതാക്കളുടെയും വീടുകൾക്ക് സംരക്ഷണം നൽകാൻ പോലീസ് സർദേശം നൽകുകയും ചെയ്തു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയകരമായ രീതിയിൽ രാത്രിയിൽ പ്രദേശത്തുകൂടി ഒരു കാർ പോകുന്നത് കണ്ടതായി സമീപവാസികൾ പോലീസിന് മൊഴി നൽകുകയും ചെയ്തു. ശോഭ സുരേന്ദ്രന്റെ വീട് ലക്ഷ്യമാക്കി എറിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്.