lok sabha election 2024: ഇടതു വലതു ചുവടുമാറ്റവും മാറി മറിഞ്ഞ കക്ഷികളും ; കോട്ടയം കോട്ട പിടിച്ചടക്കുന്നതാര്?
Kottayam at loksabha election 2024: വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരളാ കോൺഗ്രസ് പോരാണ് മറ്റൊരു ശ്രദ്ധാ കേന്ദ്രം. കെ.എം മാണിയുടേയും ഉമ്മൻ ചാണ്ടിയുടേയും ഓർമ്മകളും പ്രധാന പോയിന്റുകളായി ഇരുവരും ഉയർത്തുന്നുണ്ട്.
കോട്ടയം: മലയോടും മലമ്പനിയോടും മല്ലടിച്ച് മണ്ണിൽ മിന്നും പൊന്നു വിളയിച്ച മലയോര കർഷകർ നിറഞ്ഞ കോട്ടയം. അക്ഷരത്തെയും റബർപ്പാലിനെയും ഒരു പ്രയോഗത്തിൽ ഒരുമിച്ചു ചേർത്ത കോട്ടയത്ത് ഇത്തവണ വിജയ പ്രതീക്ഷകൾ മൂന്നു മുന്നണികളും ഉറപ്പിക്കുന്നു.
കാർഷിക മേഖലയാണ് കോട്ടയത്തിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് എന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇത്തവണ ഇടതു വലതു ചുവടുമാറ്റങ്ങൾക്ക് ശേഷമുള്ള തിരഞ്ഞെടുപ്പാണ് നടന്നത് എന്ന സവിശേഷത ഉണ്ട്.
രണ്ടു പ്രമുഖ കേരള കോൺഗ്രസുകളാണ് ഇടതു വലതു മുന്നണികൾക്കായി ഇത്തവണ നേർക്കുനേർ അങ്കം വെട്ടിയത്. ഒപ്പം ശക്തമായിത്തന്നെ എൻ ഡി എയുമുണ്ട്. കേരള കോൺഗ്രസ് മുന്നണി മാറിയ ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണിത്.
ചാഴിക്കാടനും ഫ്രാൻസിസും പിന്നെ തുഷാറും
കോട്ടയത്തെ ഇപ്പോഴത്തെ സിറ്റിങ് എംപിയാണ് തോമസ് ചാഴികാടൻ. ചാഴിക്കാടൻ്റെ കേരള കോൺഗ്രസ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്നു. എന്നാൽ ഇത്തവണ ചുവടുമാറി ഇടതിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാണ് ഇന്ന് കേരള കോൺഗ്രസ്.
പാർട്ടി ചിഹ്നം സംബന്ധിച്ച് എല്ലാ തിരഞ്ഞെടുപ്പിലുമെന്ന പോലെ ഇത്തവണയും പ്രശ്നമുണ്ട്. കേരള കോൺഗ്രസ് (എ) ന്റെ ചിഹ്നമായ രണ്ടിലയിൽ തന്നെ ചാഴികാടൻ മത്സരിക്കുമ്പോൾ തന്നെ ഇത് ബാധിക്കില്ലെന്ന മട്ടിലാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജ്. യു ഡി എഫിന്റെ പ്രധാന അജണ്ട രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെന്നും ഭരണഘടനാ സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടണം എന്നുമാണ്.
രണ്ടു വട്ടം എം പിയായ ചരിത്രം ഫ്രാൻസിസ് ജോർജിൻ്റെ വിഷയത്തിൽ പ്രത്യേകം ഓർക്കണം. ഇനി താരതമ്യേന പോരാട്ട വേദിയിൽ പുത്തരിയങ്കത്തിനിറങ്ങിയ എൻഡിഎയിലെ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ നോക്കാം. ഇത്തവണ ശക്തമായ പോരാട്ടം ഉറപ്പു വരുത്താൻ തുഷാറും ശക്തമായി ശ്രമിച്ചിട്ടുണ്ട്.
2019 ലെ ചരിത്രം
പരിചിതർ ഏറ്റുമുട്ടിയ ചരിത്രമാണ് 2019-ലെ ഇലക്ഷന് പറയാനുള്ളത്. കോട്ടയത്ത് തോമസ് ചാഴികാടന് ഒരു ലക്ഷത്തിലേറെ ( 1,06,259) വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊടുത്ത ഒരു മിന്നും തിളക്കത്തിന്റെ ചരിത്രം. എതിരാളിയായ സിപിഎമ്മിന്റെ വി.എൻ. വാസവൻ 3,14,787 വോട്ടു നേടിയപ്പോൾ, ചാഴികാടൻ 4,21,046 വോട്ട് സ്വന്തമാക്കി. മൂന്നാമതെത്തിയ പി.സി.തോമസിന് 1,55,135 വോട്ട്.
ജോസ് കെ. മാണി പിടിച്ചെടുത്ത ചുവപ്പൻകോട്ട മുൻ എംഎൽഎ ചാഴികാടൻ വൃത്തിയായി അന്ന് വിനിയോഗിച്ചു. സുരേഷ് കുറുപ്പിലൂടെ നാലുവട്ടം ചുവപ്പണിഞ്ഞ കോട്ടയമെന്ന കോട്ട അടിക്കിവാഴാൻ അഞ്ചാം അങ്കത്തിന് പാർട്ടി ഇറക്കിയ ജില്ലാ സെക്രട്ടറി വി.എൻ. വാസവനെന്ന തുറുപ്പു ഗുലാൻ അന്നവിടെ വീണു. എൻഎസ്എസിന്റെ ആസ്ഥാനമായ പെരുന്നയും കേരളത്തിൻ്റെ റോമായി വാഴ്ത്തപ്പടുന്ന പാലായും പൊതുവേയുള്ള ക്രിസ്ത്യൻ പശ്ചാത്തലവും എല്ലാം അന്ന് പരിഗണിക്കപ്പെട്ടു.
കോട്ടയം പൊളിറ്റിക്സ്
പുതുപ്പള്ളിയും പാലായും അടങ്ങിയ കോട്ടയം കോട്ട. ആ കോട്ടയുടെ അധികാരം പണ്ടു മുതലേ യുഡിഎഫ് കൈകളിലായിരുന്നു. 17 തിരഞ്ഞെടുപ്പുകളിൽ 12 ലും യുഡിഎഫാണു വിജയിച്ചിരുന്നത്. നിലവിൽ ഏഴു നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, പിറവം എന്നിവ യു.ഡി.എഫ് കൈകളിൽ ഭദ്രം.
വൈക്കത്തും ഏറ്റുമാനൂരും എൽഡിഎഫ് തരംഗവും. 2008 ലാണു പുതിയ കോട്ടയം മണ്ഡലം രൂപീകരിച്ചത്. 2009ലും 2014 ലും ജോസ് കെ.മാണി വെന്നിക്കൊടി പാറിച്ചു കോട്ട കയ്യടക്കി യുഡിഎഫിനു നൽകി. ശബരിമലയുടെ അയൽജില്ലയായതിനാൽ യുവതിപ്രവേശം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ വിഷയമായിരുന്നു.
ALSO READ – അന്ന് കോട്ടയം കൈവിട്ട സ്ഥാനാർഥിക്ക് പിന്നെ കൈ കൊടുത്ത പത്തനംതിട്ട
റബർ വിലയിടിവ് ഇന്നത്തെപ്പോലെ അന്നും പ്രശ്നം തന്നെ. 2019-ൽ മുൻ എംപിയും രണ്ടു മുൻ എംഎൽഎമാരും ഏറ്റുമുട്ടിയതിനാൽ മത്സരം കടുത്തു. അന്ന് ചാഴികാടന്റെ വ്യക്തിബന്ധങ്ങളാണ് വിജയകാരണമായി പറയപ്പെടുന്നത്. ആ സമയത്തായിരുന്നു കേരള കോൺഗ്രസ് ചെയർമാൻ കെ.എം.മാണിയുടെ വിയോഗം. ആ തരംഗവും വോട്ടായി മാറി.
ഇത്തവണത്തെ വിലയിരുത്തൽ
വോട്ടെടുപ്പിന്റെ അന്തിമ കണക്കിൽ 65.61% ആണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 75.47 ശതമാനമായിരുന്നു എന്ന് ഓർക്കണം. പോളിങ് ശതമാനത്തിൽ ഇടിവുണ്ടായിട്ടുണ്ടെന്ന് നിസ്സംശയം പറയാം. ഉമ്മൻ ചാണ്ടിയുടെ വിയോഗവും അനിൽ ആൻ്റണിയുടെ ബി.ജെ.പി പ്രവേശവും മുന്നണി മാറ്റവും പിന്നെ സ്ഥിരം വിഷയങ്ങളായ റബറും എല്ലാം കൂടി ചേരുമ്പോൾ ഫലം പ്രവചനാതീതമാണ്.
വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരളാ കോൺഗ്രസ് പോരാണ് മറ്റൊരു ശ്രദ്ധാ കേന്ദ്രം. കെ.എം മാണിയുടേയും ഉമ്മൻ ചാണ്ടിയുടേയും ഓർമ്മകളും പ്രധാന പോയിന്റുകളായി ഇരുവരും ഉയർത്തുന്നുണ്ട്. തോമസ് ചാഴിക്കാടൻ്റെ വ്യക്തി ബന്ധങ്ങൾ കഴിഞ്ഞ തവണ എൽഡിഎഫിൻ്റെ പേടി സ്വപ്നമായിരുന്നെങ്കിൽ ഇത്തവണ ആശ്വാസ പ്രതീക്ഷയാണ്.
പടിഞ്ഞാറൻ മേഖലകളിൽ എൽ ഡി എഫിന് ഭീഷണി ഉയർത്താൻ തുഷാറിന് കഴിയുമെന്ന ആശങ്കയും ഒപ്പം നിൽക്കുന്നുണ്ട്. രാഹുൽ ഗാന്ധി അടക്കമെത്തിയുള്ള ദേശീയ നേതാക്കളുടെ പ്രചാരണം ഫ്രാൻസിസിനെ തുണയ്ക്കാൻ സാധ്യതയുണ്ട്. എന്നാൽ ചിഹ്നം ലഭിക്കാൻ താമസിച്ചതിനാൽ അത് ജനങ്ങളിലെത്താനും വൈകിയിട്ടുണ്ട്.
എസ്എൻഡിപി യോഗത്തിന്റെ ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളിലാണ് തുഷാർ പ്രതീക്ഷ വച്ചിരിക്കുന്നത്. കഴിഞ്ഞതവണ എൻഡിഎ സ്ഥാനാർഥിക്കു ലഭിച്ച ഉയർന്ന വോട്ടും പ്രതീക്ഷ നൽകുന്നു. എന്നാൽ വൈകിയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം വിനയാകുമോ എന്ന ആശങ്കയുണ്ട്.
രാഷ്ട്രീയ ബോധവും നിലപാടുമുള്ള എന്നാൽ അതിൻ്റെ പേരിൽ അധികം കലഹിക്കാത്ത വോട്ടർമാരാണ് കോട്ടയത്തിൻ്റെ സവിശേഷത. അതുകൊണ്ടുതന്നെ വോട്ട് പോകുന്ന വഴികൾ വ്യക്തമല്ല. ഫലം വരുമ്പോൾ കോട്ടയമെന്ന കോട്ട ആരുവാഴും ആരു വീഴുമെന്ന് കണ്ടറിയാം.