Exit Poll Result 2024: കേരളത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം; ടിവി 9 എക്‌സിറ്റ് പോള്‍ പ്രവചനം
Kerala Lok Sabha Election Exit Poll Result 2024: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 26നാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ 70.35% പോളിങ് രേഖപ്പെടുത്തിയിരുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും തന്നെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പുകളില്‍ ആധിപത്യം പുലര്‍ത്തുന്നത്.
തിരുവനന്തപുരം: ടിവി9 ന്റെ എക്‌സിറ്റ് പോള്‍ പ്രവചന പ്രകാരം കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വിജയ സാധ്യത. കേരളത്തില്‍ യുഡിഎഫ് 16 സീറ്റും എല്‍ഡിഎഫ് മൂന്ന് സീറ്റും നേടുമെന്നാണ് ടിവി9 ന്റെ പ്രവചനം. ബിജെപി ഒരു സീറ്റ് നേടുമെന്നും പ്രവചനമുണ്ട്.
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 26നാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ 70.35% പോളിങ് രേഖപ്പെടുത്തിയിരുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും തന്നെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പുകളില്‍ ആധിപത്യം പുലര്‍ത്തുന്നത്.
എങ്കിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. യുഡിഎഫും എല്‍ഡിഎഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിനോട് കട്ടയ്ക്ക് തന്നെ പൊരുതിയിരുന്നു. കേരളത്തില്‍ ബിജെപിക്ക് സീറ്റ് നേടാന്‍ ഒരിക്കലും സാധിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു ഇരുമുന്നണികളുടെയും പ്രവര്‍ത്തനം.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20ല്‍ 19 സീറ്റും നേടി വന്‍ വിജയം നേടിയപ്പോള്‍ എല്‍ഡിഎഫിന് ഒരെണ്ണം മാത്രമാണ് നേടാനായത്. ഇതില്‍ 15 സീറ്റുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ നേടിയപ്പോള്‍ ബാക്കിയുള്ളവ ഐയുഎംഎല്‍ (2), ആര്‍എസ്പി (1), കെഇസി (എം) (1) എന്നിവയില്‍ നിന്നുള്ളതായിരുന്നു. ബാക്കിയുള്ള സീറ്റ് സിപിഐഎം പിടിച്ചെടുത്തപ്പോള്‍ ബിജെപിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ല.
പോള്‍സ്ട്രാറ്റും പീപ്പിള്‍സ് ഇന്‍സൈറ്റും ചേര്‍ന്നുകൊണ്ടാണ് ടിവി9 എക്‌സിറ്റ് പോള്‍ നടത്തിയത്. 10 ദശലക്ഷം വോട്ടര്‍മാരുടെ സാമ്പിള്‍ സൈസ് എടുത്താണ് പ്രവചനം. ഇന്ററാക്ടീവ് വോയിസ് റെസ്പോണ്‍സ് കോളുകള്‍ വഴിയാണ് അഭിപ്രായങ്ങള്‍ ശേഖരിച്ചത്. കോണ്‍ടാക്റ്റുകളുടെ ഒരു ഡാറ്റാബേസില്‍ നിന്നാണ് റാന്‍ഡം നമ്പറുകള്‍ വിളിച്ചത്. 543 ലോക്സഭാ സീറ്റുകളിലായാണ് സര്‍വേ നടത്തിയത്.
ഒരു ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഓരോ നിയമസഭാ സീറ്റില്‍ നിന്നും ഒരു സാമ്പിള്‍ എടുത്തിട്ടുണ്ട്. ഓരോ ഘട്ടത്തിലും വോട്ടെടുപ്പ് അവസാനിച്ച ശേഷം, ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാരോട് ടിവി9 ചോദിച്ചിരുന്നു.