Exit Poll Result 2024 in Kerala: എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് കേരളത്തില്‍ പ്രതീക്ഷ വെക്കാമോ?
Exit Poll Results 2024 in kerala: കേരളത്തിലെ 59 ശതമാനം മുസ്ലീം മത വിശ്വാസികളും യുഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തിലെ 48 ശതമാനവും യുഡിഎഫിനൊപ്പം തന്നെയാണ്.
പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം തുടരുമെന്നാണ് സൂചന. 17 മുതല്‍ 18 വരെ സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നത്. ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. 2 മുതല്‍ 3 വരെ സീറ്റുകള്‍ ബിജെപിക്ക് നേടാനാകുമെന്നാണ് പ്രവചനം. അതില്‍ ഏറ്റവും തിരിച്ചടി എല്‍ഡിഎഫിനാണ്. 0 മുതല്‍ 1 സീറ്റ് വരെ സിപിഎം നേടുമെന്നാണ് എക്സിറ്റ് പോള്‍ നല്‍കുന്ന സൂചന.
യുഡിഎഫ് 41 ശതമാനം വോട്ട് നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. എന്നാല്‍ ഏറ്റവും ഞെട്ടലുണ്ടാക്കുന്ന നേട്ടം ഉണ്ടാക്കിയത് ബിജെപിയാണ്. 27 ശതമാനം വോട്ടാണ് ബിജെപി നേടുക. 12 ശതമാനത്തോളമാണ് വോട്ട് ഷെയര്‍ ഉയര്‍ത്തുന്നത്. എല്‍ഡിഎഫ് 29 ശതമാനം വോട്ട് നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.
കേരളത്തിലെ 59 ശതമാനം മുസ്ലീം മത വിശ്വാസികളും യുഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തിലെ 48 ശതമാനവും യുഡിഎഫിനൊപ്പം തന്നെയാണ്. എങ്കിലും വോട്ട് ഷെയറില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് സൂചന. മറ്റുള്ള വിഭാഗങ്ങളില്‍ നിന്നായി 30 ശതമാനം വോട്ടും യുഡിഎഫിന് ലഭിക്കും.
ക്രിസ്ത്യന്‍ വിഭാഗത്തിന്റെ 26 ശതമാനം വോട്ട് എല്‍ഡിഎഫിനാകാനാണ് സാധ്യത. മുസ്ലീം വിഭാഗത്തിന്റെ 33 ശതമാനം വോട്ടും മറ്റുള്ള വിഭാഗങ്ങളുടെ 27 ശതമാനം വോട്ടും എല്‍ഡിഎഫിന് ലഭിക്കും. എന്നാല്‍ ഇത്തവണ 23 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളാണ് എന്‍ഡിഎ നേടുക. മറ്റുള്ള വിഭാഗങ്ങളുടെ 41 ശതമാനം വോട്ടും മുസ്ലീം വിഭാഗത്തില്‍ നിന്ന് 4 ശതമാനം വോട്ടും എന്‍ഡിഎക്ക് ലഭിക്കും.
എന്നാല്‍ ഈ കണക്കുകളെല്ലാം ശരിയാകുമോ എന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്. പ്രത്യേകിച്ച് എല്‍ഡിഎഫിന്. 2019ലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എങ്ങനെയാണെന്ന് പരിശോധിക്കുമ്പോള്‍ അന്നത്തെ പ്രവചനം അത്രകണ്ട് ഫലിച്ചില്ല എന്നതാണ്.
2019ലെ പ്രവചനം
2019ല്‍ ഒരുവിധം എല്ലാം എക്‌സിറ്റ് പോള്‍ ഫലങ്ങളും പറഞ്ഞത് കരളത്തിലെ 20 സീറ്റുകളില്‍ 15-16 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു. ഇതില്‍ ന്യൂസ് 18ന്റെ ഐപിഎസ്ഒഎസ് എക്സിറ്റ് പോള്‍ ഒഴികെ മറ്റ് മൂന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങളും ഇങ്ങനെയായിരുന്നു. ഇന്ത്യ ടുഡേ ആക്സിസ്, ന്യൂസ് 24 ടുഡേ ചാണക്യ, ടൈംസ് ന എന്നീ എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലായിരുന്നു കോണ്‍ഗ്രസിന്റെ അത്യുജ്ജല വിജയം പ്രവചിച്ചിരുന്നത്.
ന്യൂസ്18 ഐപിഎസ്ഒഎസിന്റെ എക്സിറ്റ് പോള്‍ പ്രവചനം അനുസരിച്ച് സിപിഎമ്മിന് 11 മുതല്‍ 13 സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസിന് 7 മുതല്‍ 9 സീറ്റുകള്‍ ലഭിക്കുമെന്നുമായിരുന്നു. ന്യൂസ് 24 ടുഡേയുടെ ചാണക്യ എക്സിറ്റ് പോളില്‍ മാത്രമാണ് കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല എന്ന് അവകാശപ്പെട്ടിരുന്നത്.
20ല്‍ 15 സീറ്റും യുഡിഎഫ് നേടും എന്നായിരുന്നു ടൈംസ് നൗ വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്. എന്‍ഡിഎക്ക് ഒരു സീറ്റും എല്‍ഡിഎഫിന് നാല് സീറ്റുകളുമായിരുന്നു അവരുടെ പ്രവചനം. ഇന്ത്യ ടുഡേ ആക്സിസ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് യുഡിഎഫിന് 15 മുതല്‍ 16 വരെ സീറ്റുകള്‍ നേടാനാകുമെന്നും സൂചിപ്പിച്ചിരുന്നു.
ഫലം ഇങ്ങനെ
ഫലം വന്നപ്പോള്‍ 20ല്‍ 19 സീറ്റിലും യുഡിഎഫ് വിജയിച്ചു. ഒരു സീറ്റ് മാത്രമാണ് എല്‍ഡഎഫിന് ലഭിച്ചത്. ബിജെപിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനും സാധിച്ചില്ല. ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്.