Kerala Online Fraud: ഹൈക്കോടതി ജഡ്ജിയും തട്ടിപ്പിൽ കുടുങ്ങി; പറഞ്ഞത് 850% ലാഭം, പോയത് ലക്ഷങ്ങൾ
High Court Judge Loss 90 Lakhs in Online Frauding: ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പ് എന്ന് സ്വയം പരിചയപ്പെടുത്തി, ആധികാരിക നിക്ഷേപ സംഘമാണെന്ന് വിശ്വസിപ്പിച്ച് വാട്സാപ്പ് വഴി ലിങ്ക് അയച്ച് നൽകിയായിരുന്നു തട്ടിപ്പ്.
തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ജഡ്ജിയും ഓണ്‍ലൈന്‍ തട്ടിപ്പിൽ കുടുങ്ങി. മുൻ കേരള ഹൈക്കോടതി ജഡ്ജി ഏലൂർ നടമയിൽ ശശിധരൻ നമ്പ്യാർക്കാണ് 90 ലക്ഷം രൂപ നഷ്ടമായത്. ഓൺലൈൻ ഷെയർ മാർക്കറ്റിംഗ് വഴി വൻ വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. കഴിഞ്ഞ വർഷം ഡിസംബർ 4-നും ഡിസംബർ 30-നും ഇടയിലായാണ് പൈസ നഷ്ടമായത്. ജഡ്ജിൻ്റെ പരാതിയിൽ ഹിൽപ്പാലസ് പോലീസ് കേസെടുത്തു. അയന ജോസഫ്, വർഷ സിംഗ് എന്നിവരെ പ്രതി ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരുടെ യഥാർത്ഥ ഐഡൻ്റിറ്റിയും സ്ഥലവും കണ്ടെത്താനായിട്ടില്ല.
ആധികാരിക നിക്ഷേപ സംഘമാണെന്ന് വിശ്വസിപ്പിച്ച് വാട്സാപ്പ് വഴി ലിങ്ക് അയച്ച് നൽകിയായിരുന്നു തട്ടിപ്പ്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പ് എന്നായിരുന്നു സംഘം സ്വയം പരിചയപ്പെടുത്തിയത്. വാഗ്ദാനം ചെയ്തത് കുറഞ്ഞ കാലയളവിൽ 850% ലാഭം എന്നായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ തൻ്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഐഎംപിഎസ്, ആർടിജിഎസ് സംവിധാനങ്ങൾ വഴി ഡിസംബർ 4 നും ഡിസംബർ 30 നും ഇടയിൽ തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടുകളിലേക്ക് പണം കൈമാറി. എന്നാൽ പൈസ അയച്ചിട്ടും ലാഭമടക്കം ഒന്നും തിരികെ ലഭിക്കാതിരുന്നതോടെയാണ് തട്ടിപ്പ് മനസ്സിലായത്.
ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 316 (2) (ക്രിമിനൽ വിശ്വാസ ലംഘനം) എന്നിവയടക്കമാണ് ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഐടി ആക്ട് സെക്ഷൻ 66 (ഡി)യും പോലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
വളര്‍ത്തുനായയെ ചൊല്ലി തര്‍ക്കം, ചേന്ദമംഗലത്തെ ക്രൂരമായ കൊല
അതേസമയം എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ വളർത്തു നായയെ ചൊല്ലിയുള്ള തർക്കമാണെന്നാണ് സൂചന. ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് വീട്ടിലെത്തിയ സമീപവാസിയാണ് കമ്പവടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. പ്രതി ഋതു പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ അയൽ വാസി വേണു,ഭാര്യ ഉഷ, മകന്‍ ജിതിന്‍ മരുമകള്‍ വിനീഷ, എന്നിവരെയാണ് അക്രമിച്ചത്. ഇതിൽ ജിതിൻ ഒഴികെ മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരുമകൾ വിനിഷ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചെങ്കിലും അടി കൊണ്ട് വീഴുകയായിരുന്നു. അവിടെയുണ്ടായിരുന്ന കുട്ടികളെ പ്രതി ഉപദ്രവിച്ചില്ല. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്