5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arjun Rescue Mission: കാർവാർ എസ്പിയുടെ മോശമായ പെരുമാറ്റം; അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ മടങ്ങി

Eshwar Malpe Ends Shirur Arjun Rescue Mission: ഡ്രഡ്ജർ കമ്പനിയുടെ ഭാഗത്ത് നിന്നും അനുകൂലമായ സമീപനം ഉണ്ടായില്ല. അർജുന്റെ അമ്മയുൾപ്പടെയുള്ളവരോട് മാപ്പ് പറഞ്ഞാണ് മാൽപെ മടങ്ങിയത്.

Arjun Rescue Mission: കാർവാർ എസ്പിയുടെ മോശമായ പെരുമാറ്റം; അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ മടങ്ങി
Arjun Rescue Mission.
nandha-das
Nandha Das | Updated On: 22 Sep 2024 17:40 PM

ഷിരൂർ (കർണാടക): ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിലിൽ നിന്ന് പിന്മാറി മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ. കാർവാർ എസ് പി നാരായണ തന്നോട് മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജർ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂലമായ സമീപനം ഉണ്ടായില്ലെന്നും ആരോപിച്ചാണ് മാൽപെ ദൗത്യം അവസാനിപ്പിച്ച് മടങ്ങിയത്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നീ വലിയ ഹീറോ ആകേണ്ട എന്ന തരത്തിൽ എസ് പി തന്നോട് സംസാരിച്ചുവെന്നും, ഈ സംഭാഷണം തന്റെ സംഘത്തിലുള്ളവരും കേട്ടുവെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഒരു രൂപ പോലും വാങ്ങാതെ താൻ തിരച്ചിലിനിറങ്ങിയത് ഹീറോ ആകാൻ വേണ്ടിയല്ല. അതിനാൽ ഇനി ഹീറോ ആകാൻ ഞാനില്ല, ഞാൻ പോകുകയാണ് എന്ന് അദ്ദേഹം അധികൃതരോട് പറഞ്ഞു. “ഡ്രഡ്ജർ കമ്പനിയുടെ ഭാഗത്ത് നിന്നും അനുകൂലമായ സമീപനം ഉണ്ടായില്ല. എംഎൽഎ മാത്രമാണ് പിന്തുണ നൽകിയത്. 15 ദിവസം ഈ ദൗത്യത്തിന്റെ ഭാഗമായിരുന്നു. അതിനാൽത്തന്നെ ഏത് സ്ഥലത്ത് തിരച്ചിൽ നടത്തണമെന്നതിൽ ധാരണയുണ്ട്. അതിന് തടസ്സം നിന്നാൽ അത് വലിയ ബുദ്ധിമുട്ടാണ്. തൽക്കാലം താൻ വീട്ടിലേക്ക് മടങ്ങുന്നു. മറ്റ് കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം. അർജുന്റെ അമ്മയുൾപ്പടെ ഉള്ളവരോട് മാപ്പ് പറയുന്നു” ഈശ്വർ മാൽപെ പറഞ്ഞു.

ALSO READ: അർജുനായുള്ള തെരച്ചില്‍ ഇന്നും തുടരും; നാവികസേന മാർക്ക് ചെയ്ത് 4-ാം പോയന്‍റില്‍ പരിശോധന; ഈശ്വർ മാൽപെ പുഴയിലിറങ്ങും

ശനിയാഴ്ച ഗംഗാവലിയിൽ നടത്തിയ തിരച്ചിലിൽ കാണാതായ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. അവ പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ അത് അർജുന്റെ ലോറിയുടെ ഭാഗങ്ങളല്ലെന്ന് ഉടമ മനാഫ് വ്യക്തമാക്കിയിരുന്നു. ഒമ്പത് മണിക്കൂർ നീണ്ട തിരച്ചിലിൽ കണ്ടെത്താനായത് രണ്ട് ടയറുകളും ലോറിയുടെ ചില ഭാഗങ്ങളും മാത്രമാണ്. തുടർന്ന്, ഞായറാഴ്ച ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ വീണ്ടും പുനരാരംഭിച്ചിരുന്നു. മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസവും തിരച്ചിൽ നടന്നത്.

എട്ടുതവണയിലേറെ മുങ്ങി നടത്തിയ തിരച്ചിലിൽ മാൽപെ ആദ്യം ടയറുകളും പിന്നീട് ലോറിയുടെ സ്റ്റീയറിങ്ങും ക്ലച്ചും കണ്ടെത്തിയിരുന്നു. നാവികസേന നിർദേശിച്ച പ്രധാന മൂന്ന് പോയിന്റുകളിലായിരുന്നു ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തിയത്. മാൽപെ നടത്തിയ തിരച്ചിലിന്റെ വീഡിയോകൾ അദ്ദേഹം തന്നെ സ്വയം ചിത്രീകരിക്കുകയും അത് അർജുന്റെ സഹോദരിയെയും, ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെയും കാണിക്കുകയും ചെയ്തിരുന്നു. ലോറി ഉടമ മനാഫും അർജുന്റെ സഹോദരിയും ഭർത്താവും തിരച്ചിൽ നടക്കുന്ന സ്ഥലത്തുണ്ട്.

അതേസമയം, ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയ്ൽ അറിയിച്ചു. എത്ര ദിവസം വേണമെങ്കിലും തിരച്ചിൽ തുടരാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. റിട്ടയർഡ് മേജർ ജനറൽ ഇന്ദ്രബാൽ നാളെ (സെപ്റ്റംബർ 23) ഷിരൂരിൽ എത്തും. അദ്ദേഹം നേരത്തെ സ്പോട്ട് ചെയ്തിരുന്ന സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ സഹായങ്ങൾക്കായാണ് വരുന്നതെന്നും ഉപകരണങ്ങൾ ഉണ്ടാകില്ലെന്നും എംഎൽഎ അറിയിച്ചു.