Lok Sabha Election Result 2024 : എറണാകുളം കൈവിടാത്ത ഹൈബി ഈഡൻ; പി രാജീവിനെപ്പോലും നിഷ്പ്രഭനാക്കിയ രാഷ്ട്രീയ കൗശലം
Ernakulam Lok Sabha Election Result 2024 : 2019ൽ എറണാകുളം നിയമസഭ മണ്ഡലം എംഎൽഎയായിരിക്കെയാണ് ഹൈബി ഈഡനെ ലോക്സഭയിലേക്ക് പാർട്ടി നേതൃത്വം സീറ്റ് നൽകുന്നത്. സിപിഎമ്മിൻ്റെ അതിശക്തിരായ നേതാക്കളിൽ ഒരാളായ പി.രാജീവനെ തോൽപ്പിച്ചുകൊണ്ടാണ് ഹൈബി ഈഡൻ ആദ്യമായി പാർലമെൻ്റിലേക്കെത്തുന്നത്
എറണാകുളം ഒരിക്കൽ കൂടി ഹൈബി ഈഡൻ്റെ കൈപിടിച്ചു. 2019ൽ നിലവിലെ മന്ത്രി പി രാജീവിനെ പരാജയപ്പെടുത്തി എംപിയായ ഹൈബിയെ ഇത്തവണയും ജനം കൂടെ നിർത്തി. 2011, 16 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കാഴ്ചവച്ച പ്രകടനം ഹൈബി തുടരുകയാണ്. കഴിഞ്ഞ തവണത്തെക്കാൾ ഉയർന്ന ഭൂരിപക്ഷത്തോടെയാണ് ഹൈബിയുടെ ജയം. കാലങ്ങളായി കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുന്ന ഹൈബിയുടെ ജയം എളുപ്പമാക്കിയത് സിപിഐഎമ്മിൻ്റെ പരീക്ഷണ സ്ഥാനാർഥിത്വം കൂടിയാണ്. എൽഡിഎഫ് സ്ഥാനാർഥിയായ കെ.ജെ ഷൈൻ ആകെ നേടിയ വോട്ടിനെക്കാൾ ഭൂരിപക്ഷം ഹൈബിക്ക് ലഭിച്ചു എന്നത് തന്നെ ഇതിനെ സൂചിപ്പിക്കുന്നതാണ്.
സിപിഎമ്മിൻ്റെ സ്ഥാനാർഥിത്വം പാളി
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിൽ ഏറെ അതിശയിപ്പിച്ച ഒരു പേരാണ് കെ.ജെ ഷൈൻ. 2019ൽ കോൺഗ്രസിൻ്റെ ഉരുക്കുകോട്ടയായ എറണാകുളം മണ്ഡലത്തിൽ പി രാജീവെന്ന ശക്തനും ജനകീയനുമായ സിപിഎം നേതാവിനെ പരാജയപ്പെടുത്തിയ ഹൈബിക്കെതിരെ ഇടത് മുന്നണി കെജെ ഷൈനെ ഉയർത്തിപ്പിടിച്ചപ്പോൾ ജനം മൂക്കത്ത് കൈവെച്ചു. എന്നാൽ, ലത്തീൻ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ വോട്ട് ബാങ്ക് ലക്ഷ്യവെച്ചാണ് സിപിഎം ഷൈൻ പ്രാദേശിക രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിൽ സീറ്റ് നൽകിയത്. അധ്യാപികയും കൂടിയായ ഷൈൻ കത്തോലിക്ക സഭയുടെ കെസിവൈഎം അടക്കമുള്ള സംഘടനകളിൽ പ്രവർത്തിച്ച് പരിചയമുള്ള വ്യക്തിയാണ്.
ALSO READ : E T Mohammed Basheer: രാഹുല്‍ കഴിഞ്ഞാല്‍ പിന്നെ ഇ ടി; മലപ്പുറത്തിന്റെ സ്വന്തം ഇ ടി മുഹമ്മദ് ബഷീര്‍
നഗരസഭാംഗം എന്ന നിലയിലെ മികച്ച പ്രവർത്തനങ്ങളും പ്രാദേശിക രാഷ്ട്രീയത്തിലെ സജീവസാന്നിധ്യവും കെജെ ഷൈൻ്റെ മുൻതൂക്കമായിരുന്നു. ജില്ലയ്ക്ക് പുറത്ത് അത്ര പരിചിതമല്ലെന്നത് ജനം കണക്കിലെടുക്കില്ലെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ അത് പാളി. ഹൈബി ഏറെക്കുറെ എറണാകുളത്ത് തുടരുമെന്നുറപ്പായിരുന്നെങ്കിലും പ്രാദേശിക ഇടങ്ങളിൽ ഷൈനുള്ള സ്വാധീനം ഒരു അട്ടിമറി സൃഷ്ടിക്കുമോയെന്ന ചോദ്യവുമുണ്ടായിരുന്നു. രണ്ടരലക്ഷത്തിലധികം വോട്ടിനാണ് ഹൈബി വിജയിച്ചത്. കെജെ ഷൈന് ആകെ ലഭിച്ചത് 2,31,932 വോട്ട്.
ഹൈബി 2.0
2019ൽ ഹൈബിയുടെ വിജയം ഏറെ തിളക്കമുള്ളാതായിരുന്നു. 1984 മുതൽ അഞ്ച് തവണ എറണാകുളത്ത് നിന്ന് പാർലമെൻ്റിലേക്ക് വിജയിച്ച കെവി തോമസിനു പകരം എറണാകുളം നിയമസഭ എംഎൽഎയായ ഹൈബി ഈഡന് ലോക്സഭ സീറ്റ് നൽകുമ്പോൾ സിപിഎം ഇറക്കിയത് കരുത്തനായ പി രാജീവിനെ. തിരഞ്ഞെടുപ്പിൽ 1,69,510 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെ ഹൈബി പാർലമെൻ്റിലെത്തി. അതൊരു സ്റ്റേറ്റ്മെൻ്റായിരുന്നു. അതോടെ 2011ലും 16ലും എംഎൽഎയായും 2019ൽ എംപിയായും ഹൈബി എറണാകുളം തൻ്റെ കൈവെള്ളയിലായിക്കഴിഞ്ഞു.
തേവര സേക്രഡ് ഹാർട്ട്സ് കോളജിൽ നിന്നാണ് ഹൈബിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 2001-2002 വർഷങ്ങളിൽ തേവര സേക്രഡ് ഹാർട്ട് കോളേജിലെ യൂണിയൻ സെക്രട്ടറിയായിരുന്നു ഹൈബി. 2006-2007 കാലയളവിൽ കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡൻ്റായും 2007-2009 കാലയളവിൽ സംഘടനയുടെ സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു. 2011ൽ എറണാകുളത്ത് നിന്ന് 32,437 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഎം പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി സെബാസ്റ്റ്യൻ പോളിനെ പരാജയപ്പെടുത്തി നിയമസഭയിലേക്കെത്തുമ്പോൾ ഹൈബി ഈഡൻ്റെ പ്രായം 28 വയസ്. അന്ന് കേരള നിയസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. 2016ൽ വീണ്ടും ഹൈബി എംഎൽഎയായി. അന്ന് ഹൈബിക്ക് മുന്നിൽ വീണത് സിപിഎമ്മിൻ്റെ എം അനിൽ കുമാർ. എംഎൽഎ ആയിരിക്കെയാണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പാർട്ടി നേതൃത്വം കെവി തോമസിനെ വെട്ടി ഹൈബിയുടെ പേര് നിർദേശിക്കുന്നത്.
ഹൈബിയുടെ പിതാവ് ജോർജ് ഈഡൻ മുൻ എറണാകുളം എംപിയായിരുന്നു. മാതാവ് റാണി ഈഡനെ ഹൈബിക്ക് തൻ്റെ ചെറുപ്പത്തിൽ തന്നെ നഷ്ടമായി. അന്ന ലിൻഡയാണ് ഭാര്യ.