Kalamassery Jaundice Outbreak: കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം രൂക്ഷം; 36 പേർക്ക് രോഗം, 2 പേരുടെ നില ​ഗുരുതരം

Ernakulam Kalamassery Jaundice Outbreak: കഴിഞ്ഞ ദിവസം നടത്തിയ ക്യാമ്പിലാണ് ഏഴ് പേർക്ക് കൂടി രോ​ഗബാധയുണ്ടായ കാര്യം വ്യക്തമാകുന്നത്. ഇവർക്ക് മുമ്പ് രോ​ഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോ​ഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്ത് മാസ് ക്ലീനിങ് പ്രോഗ്രാമുകൾ നടത്തിയിരുന്നു. കളമശ്ശേരി നഗരസഭയിലെ 10,12,13 വാർഡുകളിലായാണ് നിലവിൽ കൂടുതൽ രോ​ഗികൾ ഉള്ളത്.

Kalamassery Jaundice Outbreak: കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം രൂക്ഷം; 36 പേർക്ക് രോഗം, 2 പേരുടെ നില ​ഗുരുതരം

Represental Image (Credits: Freepik)

Published: 

23 Dec 2024 14:57 PM

എറണാകുളം: കളമശ്ശേരിയിൽ വീണ്ടും ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം (Jaundice Outbreak) രൂക്ഷം. പ്രദേശത്ത് ഇതുവരെ 36 പേർക്കാണ് ​രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ രണ്ടുപേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. മുമ്പ് രോ​ഗം സ്ഥിരീകരിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. നഗരസഭയിലെ 10,12,14 വാർഡുകളിലായി 13 പേർക്കാണ് നേരത്തെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

അന്ന് മുപ്പതിലധികം പേരാണ് രോ​ഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. തുടർന്ന് ആരോ​ഗ്യ വകുപ്പ് നടത്തിയ വ്യാപക പരിശോധനയിലും നിരീക്ഷണത്തിലുമാണ് കൂടുതൽ പേർക്ക് ഇപ്പോൾ രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ക്യാമ്പിലാണ് ഏഴ് പേർക്ക് കൂടി രോ​ഗബാധയുണ്ടായ കാര്യം വ്യക്തമാകുന്നത്. ഇവർക്ക് മുമ്പ് രോ​ഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോ​ഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്ത് മാസ് ക്ലീനിങ് പ്രോഗ്രാമുകൾ നടത്തിയിരുന്നു.

പ്രദേശത്തെ ജലസ്രോതസ്സുകളടക്കം ശുദ്ധീകരിച്ചാണ് ക്ലീനിങ് പ്രോഗ്രാമുകൾ നടത്തിയത്. മൂന്ന് ദിവസം മാസ് ക്ലോറിനേഷൻ നട്ടത്താൻ തീരുമാനിച്ചിരുന്നു. മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടർന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യവിഭാഗം അടിയന്തര യോഗം വിളിക്കുകയും രോഗവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ന​ഗരസഭ പരിധിയിൽ വരുന്ന ഹോട്ടലുകളിൽ വ്യാപകമായി പരിശോധനയും ഇതിൻ്റെ ഭാ​ഗമായി നടക്കുന്നുണ്ട്. കൂടുതൽ രോഗവ്യാപനം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതായും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നുമാണ് കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്. കളമശ്ശേരി നഗരസഭയിലെ 10,12,13 വാർഡുകളിലായാണ് നിലവിൽ കൂടുതൽ രോ​ഗികൾ ഉള്ളത്.

ന​ഗരസഭ പരിധിയിൽപ്പെട്ട ചില ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിച്ചവർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായാണ് വിവരം. രോഗം പടർന്ന മേഖലകളിൽ ക്ലോറിനേഷൻ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. വിട്ടുമാറാത്ത പനി, ഛർദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയെ സമീപിച്ചിരിക്കുന്നത്.

ALSO READ: മഞ്ഞപ്പിത്ത വ്യാപനം; സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ

കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ

കഴിഞ്ഞ ദിവസം കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പരിശോധനയ്ക്ക് പിന്നാലെ ജാഫറിൻ്റെ ഉടമസ്ഥതയിലുള്ള കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. തളിപ്പറമ്പ് നഗരസഭയിലാണ് ഇയാൾ കുടിവെള്ളം വിതരണം ചെയ്യുന്നത്.

ജില്ലയിലെ കുറുമാത്തൂർ പഞ്ചായത്തിലെ ഒരു കിണറിൽ നിന്നാണ് ഇവർ വെള്ളം എടുക്കുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കിണർ ശുചീകരിക്കാനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് അധികൃതർക്ക് നി‍ർദേശം നൽകുകയും ചെയ്തിരുന്നു. മഞ്ഞപ്പിത്ത വ്യാപനവും ഇ കോളി ബാക്ടീരിയയെ കണ്ടെത്തിയതിൻ്റെയും പശ്ചാതലത്തിൽ തളിപ്പറമ്പിലെ തട്ടുകടകൾ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടിരുന്നു. നഗരസഭാ പരിധിയിലെ എല്ലാ സ്വകാര്യ കുടിവെള്ള വിതരണവും നിരോധിക്കാനുള്ള ഏർപ്പാടും ഒരുക്കിയിരുന്നു.

ലക്ഷണങ്ങൾ

സാധാരണയായി മഞ്ഞപ്പിത്തം ബാധിച്ചാൽ ശരീരവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനുമാകെ മഞ്ഞനിറം എന്നിവയാണ് പ്രധാനമായി കാണപ്പെടുന്ന ലക്ഷണങ്ങൾ. ആദ്യഘട്ടത്തിൽ തന്നെ ശരിയായ ചികിത്സാനിർണ്ണയവും ചികിത്സയും നൽകിയില്ല എങ്കിൽ രോഗം മൂർച്ഛിക്കുന്നതിനും രക്തത്തിൽ ബിലിറുബിൻ ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകൾ, ആഹാരത്തിന് രുചിയില്ലായ്മ, ഛർദ്ദി, കരളിന്റെ ഭാഗത്ത് വേദന എന്നിവയും മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങളാണ്.

ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി