EP Jayarajan: ‘കേരളത്തിൽ തീവ്രവാദപ്രവർത്തനം സാധ്യമല്ല’; പി ജയരാജന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ

EP Jayarajan Response to P Jayarajan Controversy Statement: കേരളത്തിൽ മതസാഹോദര്യവും സന്തോഷവും സംതൃപ്തിയും ജനങ്ങൾക്ക് ഉറപ്പുവരുത്താനായി ജാഗ്രതയോടെ പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ട്. ഇവിടെ ഒരു തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും ഈ സർക്കാർ അനുവദിക്കില്ല

EP Jayarajan: കേരളത്തിൽ തീവ്രവാദപ്രവർത്തനം സാധ്യമല്ല; പി ജയരാജന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ

സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജൻ, സിപിഎം നേതാവ് പി ജയരാജൻ (Image Courtesy: EP Jayarajan, P Jayarajan Facebook page)

Published: 

18 Sep 2024 18:20 PM

തിരുവനന്തപുരം: കേരളത്തിലെ യുവാക്കൾ മതഭീകരവാദ സംഘടനയുടെ ഭാഗമാകുന്നുവെന്ന സിപിഎം നേതാവ് പി ജയരാജന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജൻ. തീവ്രവാദ സംഘങ്ങൾക്ക് കടന്നുവരാൻ സാധിക്കാത്ത സ്ഥലമാണ് കേരളമെന്നും ഇത്തരം സംഘടനകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കാറുണ്ടെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

“കേരളം തീവ്രവാദ പ്രവർത്തനങ്ങൾക്ക് കടന്നു വരാൻ സാധിക്കാത്ത ഒരു സംസ്ഥാനമാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇവിടെ, ജനങ്ങൾക്ക് മതസാഹോദര്യവും സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്താനായി ജാഗ്രതയോടെ പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ട്. അതുകൊണ്ടുതന്നെ, ഇവിടുത്തെ ജനങ്ങൾ ജാതിമതഭേദമില്ലാതെ സഹോദരങ്ങളെ പോലെ ജീവിക്കുന്നുമുണ്ട്. കേരളത്തിൽ ഒരു തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും ഈ സർക്കാർ അനുവദിക്കില്ല” ഇപി ജയരാജൻ പറഞ്ഞു.

“എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. ഇതേ കുറിച്ച് മാധ്യമങ്ങളോട് പിന്നീട് പറയാം. പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന രീതിയിലുള്ള കാര്യങ്ങൾ പറയില്ല. ഒരുപാട് ദുഃഖങ്ങളും വേദനകളും അനുഭവിച്ച് വന്ന ആളാണ് ഞാൻ. അതിനാൽ എനിക്കിതൊന്നും പുതുമയല്ല. പ്രത്യേകിച്ചൊന്നും നേടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതം ഒരു തുറന്ന പുസ്‌തകമാണ്. മാധ്യമങ്ങൾക്കും അതറിയാം.” അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതിന് ഇനിയും സമയം ഉണ്ടല്ലോ എന്നാണ് അദ്ദേഹം നൽകിയ മറുപടി.

ALSO READ: കേരളത്തിൽ ഐഎസ് റിക്രൂട്ട്‍മെൻറ്; ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടും മതരാഷ്ട്രവാദികൾ: പി ജയരാജൻ

 

“അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി ഒന്നുകാണാൻ എത്രയും പെട്ടെന്ന് ഡൽഹിയിൽ എത്തണമെന്ന് വിചാരിച്ചു. എന്നാൽ, അന്ന് കോഴിക്കോട്ട് നിന്ന് മാത്രമേ വിമാനം ഉണ്ടായിരുന്നുള്ളൂ. അത് താൻ രണ്ടു വർഷക്കാലമായി യാത്ര ചെയ്യാതിരുന്ന ഇൻഡിഗോ വിമാനം ആയിരുന്നു. അന്ന് ആ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു” ഇപി കൂട്ടിച്ചേർത്തു.

ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇൻഡിഗോ ഇപിക്ക് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപി ഇൻഡിഗോ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.

അതെ സമയം, കഴിഞ്ഞ ദിവസമാണ് സിപിഎം നേതാവ് പി ജയരാജൻ വിവാദ പരാമർശം നടത്തിയത്. ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി പൊളിറ്റിക്കൽ ഇസ്ലാം മാറിയെന്നും, കേരളത്തിലെ ചെറുപ്പക്കാർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നുവെന്നും പി ജയരാജൻ ആരോപിച്ചു. ഐ.എസ്.ഐ.എസിലേക്കുള്ള റിക്രൂട്ട്മെന്റ് സംസ്ഥാനത്ത് നടന്നതായും, ഇതിനെ ​ഗൗരവകരമായി കാണണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫണ്ടും മതരാഷ്ട്ര വാദികളാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെകുറിച്ചെല്ലാം തന്റെ അടുത്ത പുസ്തകത്തിൽ വിശദമായി രേഘപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Stories
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ