EP Jayarajan: ‘ഇളംകള്ളിന് ഇളനീരിനേക്കാള്‍ ഔഷധവീര്യമുണ്ട്’; മദ്യപാനത്തിനെതിരെയുള്ള പാര്‍ട്ടി നിലപാടില്‍ പ്രതികരിച്ച് ഇപി ജയരാജന്‍
EP Jayarajan on CPM Party's No Alcohol Policy: തെങ്ങില്‍ നിന്നും ശേഖരിക്കുന്ന നീര് ഏറ്റവും ഗുണകരമായ പോഷകാഹാരം തന്നെയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. എംവി ഗോവിന്ദന്റെ പ്രസ്താവനയെ സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍: മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. തെങ്ങില്‍ നിന്ന് ശേഖരിക്കുന്ന ഇളംകള്ളിന് ഇളനീരിനേക്കാള്‍ ഔഷധവീര്യമുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. ഇന്നത്തെ ഗ്ലൂക്കോസിനേക്കാള്‍ പവര്‍ഫുളായ പാനീയമായിരുന്നു കള്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെങ്ങില്‍ നിന്നും ശേഖരിക്കുന്ന നീര് ഏറ്റവും ഗുണകരമായ പോഷകാഹാരം തന്നെയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. എംവി ഗോവിന്ദന്റെ പ്രസ്താവനയെ സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, മദ്യപിക്കരുതെന്നാണ് പാര്‍ട്ടി നിലപാടെന്നാണ് പാര്‍ട്ടി സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്. മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും തങ്ങളാരും മദ്യപിക്കാറില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.




മദ്യപിക്കില്ല, സിഗറ്റ് വലിക്കില്ല തുടങ്ങിയ ദാര്‍ശനിക ധാരണയില്‍ കഴിയുന്നവരാണ് തങ്ങളെല്ലാവരും. ബാല സംഘത്തിലൂടെയും വിദ്യാര്‍ഥി, യുവജന പ്രസ്ഥാനത്തിലൂടെയും കടന്നുവരുമ്പോള്‍ ആദ്യമെടുക്കുന്ന പ്രതിജ്ഞ വ്യക്തിജീവിതത്തില്‍ മദ്യവും സിഗരറ്റുമെല്ലാം ഒഴിവാക്കുമെന്നാണ്.
നവോത്ഥാന, ദേശീയ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടാണ് തങ്ങളെല്ലാവരും പ്രവര്‍ത്തിക്കുന്നത്. വളരെ അഭിമാനത്തോടെയാണ് താനിത് ലോകത്തോട് പറയുന്നത്. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുള്ള നാടാണിത്. അതിനാല്‍ മദ്യപാനത്തെ ശക്തമായി എതിര്‍ക്കുക. മദ്യപിക്കുന്നവരെ സംഘടനാപരമായ നടപടിയെടുത്ത് പുറത്താക്കുക. ആ നിലപാട് തങ്ങള്‍ സ്വീകരിച്ചിട്ടുണ്ട് ഇനിയും സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ലഹരി ഉപയോഗത്തെ എതിര്‍ക്കണം. എതിര്‍ത്ത് പരാജയപ്പെടുത്താനുള്ള ബോധം എല്ലാവര്‍ക്കമുണ്ടാകണം. അത്തരത്തിലൊരു പൊതുബോധം വളര്‍ത്തിയെടുക്കാനുള്ള ഇടപെടല്‍ പാര്‍ട്ടിയുടെയും വര്‍ഗ ബഹുജന സംഘടനകളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.