EP Jayarajan: എന്റെ ആത്മകഥ ഇങ്ങനെയല്ല… വിവാദത്തിൽ പ്രതികരിച്ച് ഇപി, പുസ്തക പ്രസാധനം ഉടനില്ലെന്ന് ഡിസി ബുക്സ്
Kattan Chayayum Parippu Vadayum controversy: വിവാദം ചൂടു പിടിക്കുന്നതിനിടെ കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നീട്ടി വെച്ചതായി ഡി സി ബുക്സ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
തിരുവനന്തപുരം: സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥയിൽ ഗുരുതര പരാമർശങ്ങളുണ്ടെന്ന വിഷയത്തിൽ വിവാദം മുറുകുന്നു. ഇതിനിടെ ഇപ്പോൾ പ്രചരിക്കുന്നത് തന്റെ ആത്മകഥ അല്ലെന്ന് വ്യക്തമാക്കി ഇ പി ജയരാജൻ രംഗത്ത് എത്തിയിരിക്കുകയാണ്.
ഈ വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി മനസ്സിലാക്കാത്തതിലാണു പ്രയാസം. അന്തിമ തീരുമാനം ഉണ്ടാകേണ്ടതു കേന്ദ്ര കമ്മിറ്റിയിലാണ്. പറയാനുള്ളത് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ചു പറയുമ്പോൾ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയുടെ കാര്യവും ചർച്ചയാകും.
ഡോ.പി.സരിൻ തലേദിവസം വരെ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. കിട്ടാതെയായപ്പോൾ മറുകണ്ടം ചാടി. ശത്രുപാളയത്തിലെ വിള്ളൽ മുതലെടുക്കണമെന്നതു നേര്. സ്വതന്ത്രൻ പല ഘട്ടങ്ങളിലും പ്രയോജനപ്പെട്ടിട്ടുണ്ട്. വയ്യാവേലിയായ സന്ദർഭങ്ങളും നിരവധി. പി.വി.അൻവർ അതിലൊരു പ്രതീകമാണ്. തുടങ്ങിയ വിവാദ പരാമർശങ്ങളാണ് ഇപിയുടേത് എന്ന രീതിയിൽ പ്രചരിക്കുന്ന പതിപ്പിൽ ഉള്ളത്.
ALSO READ – ശബരിമലയിൽ ഇനി ബിഎസ്എൻഎൽ വക ഫ്രീ വൈഫൈ
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ബിജെപിയിൽ ചേരാനുള്ള ചർച്ചയുടെ ഭാഗമാണെന്ന് വരുത്തി തീർത്തതിനു പിന്നിൽ ശോഭാ സുരേന്ദ്രനാണെന്നും ഇതിൽ കുറിക്കുന്നുണ്ട്.
ഇ.പി.ജയരാജന്റെ പ്രതികരണം
‘‘ ആത്മകഥ എഴുതുകയാണ്. പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയ കാര്യങ്ങൾ ടൈപ്പ് ചെയ്യുന്ന ഘട്ടത്തിൽ. പുറത്തുവന്ന കാര്യങ്ങൾ ഞാൻ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങൾ എഴുതി.
ഇന്ന് 10.30ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാർത്ത കാണുന്നത്. തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരെ വാർത്ത സൃഷ്ടിക്കാൻ മനപൂർവം ചെയ്തതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പുസ്തകം ഇറങ്ങുമ്പോൾ കാര്യങ്ങൾ വ്യക്തമാകും’’.
പ്രസാധനം നീട്ടിവെച്ച് ഡിസി ബുക്സ്
വിവാദം ചൂടു പിടിക്കുന്നതിനിടെ കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നീട്ടി വെച്ചതായി ഡി സി ബുക്സ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു എന്നാണ് വിശദീകരണം.
ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ് എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഡി സി ആണോ അതോ ഡി സി സി ആണോ എന്നാണ് ഒരാൾ ചോദിച്ചത്.
Ep ജയരാജനും dc ബുക്സ് ഉം മനപ്പൂർവം അറിഞ്ഞിട്ട് തന്നെയാണ് ആത്മകഥ ചോർന്നത് എന്ന് ഏതൊരു സാധാരണ വ്യക്തിക്കും മനസ്സിലാകും.. കമ്മ്യൂണിസ്റ്റ് ന്റെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രിയായി പിണറായി യെ നാളെ ലോകം അറിയപ്പെടും എന്ന് മറ്റൊരാൾ പ്രതികരിക്കുന്നു. കിറുകൃത്യ സമയത്ത് കൃത്യമായി സത്യങ്ങൾ വിളിച്ചു പറഞ്ഞ ഇ പിയ്ക്കും, ഡി സി ബുക്കിനും അഭിനന്ദനങ്ങൾ… എന്നാണ് മറ്റൊരു പ്രതികരണം.