Engapuzha Shibila Murder Case: ഷിബിലയ്ക്ക് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍; കണ്ണീര്‍ക്കടലായി ആശുപത്രി മുറ്റം
Engapuzha Shibila Murder Case Updates: കഴിഞ്ഞ ദിവസം വരെ കൂടെയുണ്ടായിരുന്ന മകളെ അവസാനമായി കാണാന്‍ ആംബുലന്‍സിനരികിലേക്ക് ആ മാതാപിതാക്കള്‍ എത്തിയപ്പോള്‍ കണ്ടുനിന്നവരുടെ ഹൃദയം പോലും വിങ്ങിപ്പൊട്ടി. അവസാനമായി അവര്‍ മകളുടെ കവിളില്‍ മുത്തം നല്‍കി. ഇനി ഒരിക്കലും കണ്ടുമുട്ടില്ലെന്ന് ഉറപ്പോടെ യാത്രയാക്കി.

കോഴിക്കോട്: താമരശേരി ഈങ്ങാപ്പുഴയില്‍ ഭര്‍ത്താവ് യാസിര്‍ കൊലപ്പെടുത്തിയ ഷിബിലയ്ക്ക് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍. ആ രംഗം കണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒന്നാകെ ഈറനണിഞ്ഞു. യാസിറിന്റെ വെട്ടേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മ ഹസീനയെ വീല്‍ചെയറില്‍ ഇരുത്തിയാണ് മകള്‍ക്കരികിലേക്ക് അവസാനമായി എത്തിച്ചത്.
കഴിഞ്ഞ ദിവസം വരെ കൂടെയുണ്ടായിരുന്ന മകളെ അവസാനമായി കാണാന്‍ ആംബുലന്‍സിനരികിലേക്ക് ആ മാതാപിതാക്കള്‍ എത്തിയപ്പോള്‍ കണ്ടുനിന്നവരുടെ ഹൃദയം പോലും വിങ്ങിപ്പൊട്ടി. അവസാനമായി അവര്‍ മകളുടെ കവിളില്‍ മുത്തം നല്‍കി. ഇനി ഒരിക്കലും കണ്ടുമുട്ടില്ലെന്ന് ഉറപ്പോടെ യാത്രയാക്കി.
ഷിബിലയുടെ പിതാവും അതേ ആശുപത്രിയില്‍ തന്നെയാണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. പിതാവ് അബ്ദുറഹ്‌മാനെ സ്ട്രച്ചറില്‍ കിടത്തിയാണ് മകള്‍ക്കരികിലേക്ക് എത്തിച്ചത്. യാസിറിന്റെ ആക്രമണത്തില്‍ നിന്ന് മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെയായിരുന്നു മാതാപിതാക്കള്‍ക്ക് വെട്ടേറ്റത്.




കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ഷിബിലയുടെ മൃതദേഹം കഴിഞ്ഞ ദിവസം (മാര്‍ച്ച് 19) ഉച്ചയ്ക്കാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മയ്യത്ത് കുളിപ്പിച്ച് കഫന്‍പുടവയെല്ലാം ധരിപ്പിച്ച ശേഷമായിരുന്നു അവള്‍ മാതാപിതാക്കള്‍ക്കരികിലേക്ക് വീണ്ടുമെത്തിയത്.
മാതാപിതാക്കളെ കാണിച്ച ശേഷം ഷിബിലയുടെ മൃതദേഹം ഈങ്ങാപ്പുള കരിങ്കുളം ത്വാഹാ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഷിബിലയുടെ ശരീരത്തില്‍ 11 മുറിവുകളുണ്ടെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ഈ മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.
ഷിബിലയുടെ ഭര്‍ത്താവ് പുതുപ്പാടി തറോല്‍മുറ്റത്ത് വീട്ടില്‍ യാസിര്‍ സ്വബോധത്തോടെയാണ് കൃത്യം നടപ്പാക്കിയതെന്ന് പോലീസ് പറഞ്ഞു. ആസൂത്രിതമായാണ് പ്രതി കൊലപാതകം നടത്തിയതെന്നും ആക്രമണ സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായതായും പോലീസ് അറിയിച്ചു.
കൊലപാതകത്തിന് ശേഷം ബാലുശേരി എസ്റ്റേറ്റ് മുക്കിലെ പെട്രോള്‍ പമ്പില്‍ നിന്നും പ്രതി 2000 രൂപയ്ക്ക് ഇന്ധനം നിറച്ചെങ്കിലും പണം നല്‍കാതെ കടന്നു. ശേഷം രാത്രിയില്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് 50 മീറ്റര്‍ അകലെ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് പോലീസ് യാസിറിനെ പിടികൂടിയത്.