Gokulam Gopalan: എമ്പുരാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഇത് കഷ്ടകാലം; ആന്റണി പെരുമ്പാവൂരിന് പോയത് രണ്ട് ലക്ഷം; ഗോകുലം ഗോപാലന് ‘പണി’ ഇഡി വക
Gokulam Gopalan Office ED Raid: എമ്പുരാന്‍ സിനിമയുടെ നിര്‍മ്മാണ പങ്കാളി കൂടിയാണ് ഗോകുലം ഗോപാലന്‍. എമ്പുരാനില്‍ നിന്ന് ലൈക്ക പ്രൊഡക്ഷന്‍സ് പിന്മാറിയതിന് പിന്നാലെ അവസാന നിമിഷമാണ് ഗോകുലം മൂവിസ് ചിത്രത്തിന്റെ ഭാഹമായത്. ചിത്രത്തിലെ ചില രംഗങ്ങള്‍ വിവാദമായതോടെ താന്‍ അത് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഗോകുലം ഗോപാലന്‍ വെളിപ്പെടുത്തിയിരുന്നു

പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസിലാണ് പരിശോധന. വെള്ളിയാഴ്ച രാവിലെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. കേരളത്തില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം. റെയ്ഡിന്റെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് പരിശോധന നടക്കുന്നത്. ചിട്ടി ഇടപാടിന്റെ പേരില്‍ ഫെമ നിയമ ലംഘനം നടന്നോയെന്നാണ് പരിശോധിക്കുന്നതെന്നാണ് സൂചന. 2023ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു.
ഏറെ വിവാദമായ എമ്പുരാന്‍ സിനിമയുടെ നിര്‍മ്മാണ പങ്കാളി കൂടിയാണ് ഗോകുലം ഗോപാലന്‍. എമ്പുരാനില്‍ നിന്ന് ലൈക്ക പ്രൊഡക്ഷന്‍സ് പിന്മാറിയതിന് പിന്നാലെ അവസാന നിമിഷമാണ് ഗോകുലം മൂവിസ് ചിത്രത്തിന്റെ ഭാഹമായത്. ചിത്രത്തിലെ ചില രംഗങ്ങള്‍ വിവാദമായതോടെ താന്‍ അത് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഗോകുലം ഗോപാലന്‍ വെളിപ്പെടുത്തിയിരുന്നു.




എമ്പുരാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഇത് കഷ്ടകാലം
എമ്പുരാന്‍ സിനിമയുടെ വിവാദങ്ങള്‍ക്കൊപ്പം, അതിന്റെ നിര്‍മാതാക്കള്‍ മറ്റ് വിവാദങ്ങളില്‍ കൂടി അകപ്പെടുകയാണ്. എമ്പുരാന്റെ നിര്‍മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍ ‘ഒപ്പം’ സിനിമയില്‍ അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ ഉപയോഗിച്ചതിന് പിഴശിക്ഷ നേരിട്ടിരുന്നു. പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധി. ഒപ്പം കോടതി ചെലവായി 1,68,000 രൂപ നല്‍കാനും ചാലക്കുടി മുന്‍സിപ്പ് എം എസ് ഷൈനി വിധിച്ചു.
അനുവാദമില്ലാതെ അപകീർത്തികരമാം വിധം തന്റെ ഫോട്ടോ ഒപ്പം സിനിമയില്‍ ഉപയോഗിച്ചതിനെതിരെ അധ്യാപിക പരാതി നല്‍കുകയായിരുന്നു. ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് സിനിമയില്‍ അധ്യാപികയുടെ ചിത്രം കാണിച്ചത്. ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്ന് അധ്യാപിക വ്യക്തമാക്കിയിരുന്നു.