Puthuppally Sadhu Elephant : എറണാകുളത്ത് സിനിമ ഷൂട്ടിങ്ങിനെത്തിച്ച ആന കാട്ടിലേക്ക് ഓടിക്കയറി
Elephant Puthuppally Sadhu Shooting Issue : പുതുപ്പള്ളി സാധു എന്ന ആനയാണ് വനത്തിലേക്ക് ഓടിക്കയറിയത്. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം
കൊച്ചി : സിനിമ ഷൂട്ടിങ്ങിന് എത്തിച്ച നാട്ടാന വനത്തിലേക്ക് ഓടിക്കയറി. പുതുപ്പള്ളി സാധു (Puthuppally Sadhu) എന്ന ആനയാണ് കാടിനുള്ളിലേക്ക് ഓടിക്കയറി പോയത്. എറണാകുളം ഭൂതത്താൻകെട്ടിന് സമീപം ഷൂട്ടിങ്ങിനെത്തിച്ചതാണ് ആന. തുടർന്നാണ് ആന കാട്ടിലേക്ക് ഓടിപ്പോയത്. ഒരു തെലുങ്ക് ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സാധുവിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. പുതുപ്പള്ളി പാപ്പാലപ്പറമ്പ് പോത്തൻ വർഗീസിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് സാധു.
വനം വകുപ്പിന്റെ ദ്രുതകര്‍മ സേനാംഗങ്ങള്‍ ഉദ്യോഗസ്ഥര്‍, പോലീസ്, പാപ്പാന്മാര്‍ എന്നിവര്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടാത്താനായില്ല.
വിജയ് ദേവരകൊണ്ട് നായകനായ തെലുഗ് ചിത്രത്തിന്റെ ഷൂട്ടങ്ങിന് എത്തിച്ച അഞ്ച് ആനകളില്‍ രണ്ടെണ്ണം തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷൂട്ടിങ്ങിനായി മൂന്ന് പിടിയാനകളെയും രണ്ട് കൊമ്പന്മാരെയുമാണ് സ്ഥലത്ത് എത്തിച്ചിരുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് കൊമ്പനാനകള്‍ തമ്മിള്‍ ഏറ്റുമുട്ടിയത്. പരിക്കേറ്റ സാധു വനത്തിലേക്ക് ഓടികയറി.
ആന എവിടെയാണ് ഉള്ളത് എന്നത് സംബന്ധിച്ച് ഏകദേശ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വനമേഖലയില്‍ രാത്രിയില്‍ തെരച്ചില്‍ നടത്തുന്നത് പ്രയാസമാണ്. ശനിയാഴ്ച രാവിലെ 7 മണി മുതലാണ് തെരച്ചില്‍ പുനരാരംഭിക്കുന്നത്. 60 അംഗസംഘമാണ് ആനയ്ക്കായി തെരച്ചില്‍ നടത്തുക. കാട്ടാനകള്‍ ഏറെയുള്ള മേഖലയായതിനാല്‍ സാധു ഇവരുമായി ഏറ്റുമുട്ടുമോ എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരും പാപ്പാന്മാരും.
25 വർഷങ്ങൾക്ക് മുമ്പ് അസമിൽ നിന്നുമെത്തിച്ച സാധു പൊതുവേ ശാന്ത സ്വഭാവിയാണ്. കേരളത്തിൽ എത്തിക്കുന്നതിന് മുമ്പും ആനയുടെ പേര് സാധു എന്ന് തന്നെയായിരുന്നു. നിലവിൽ 52 വയസുണ്ട് ആനയ്ക്ക്. ചെറുതും വലിയതുമായി സാധു നിരവധി ഉത്സവങ്ങളുടെ ഭാഗമായിട്ടുണ്ട്. ഭയങ്കര വേഗതയുള്ള ആനയാണ് സാധുവെന്നാണ് പാപ്പാന്മാർ പറയുന്നത്.
പുതുപ്പള്ളിയിൽ സാധുവിനെ കൂടാതെ നിരവധി ഉയരക്കേമൻമാരുണ്ട്. അതേസമയം കൂട്ടാനയെ കുത്തിയാണ് സാധു കാട് കയറിയതെന്ന് ചില യൂട്യൂബ് ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂതത്താൻകെട്ട് തുണ്ടം റേഞ്ചിലാണ് സംഭവം. ഷൂട്ടിങ്ങിനായി ആനയുടെ ചങ്ങലകൾ അഴിച്ച് മാറ്റിയിരുന്നു. തെലുഗ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങാണ് പ്രദേശത്ത് നടക്കുന്നത്.