5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Elephant Attack: കാട്ടാന ആക്രമണം: അമർ ഇലാഹിയുടെ ഖബറടക്കം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ ആരംഭിച്ചു

Elephant Attack In Vannapuram: സോളാർ വേലി, ആ‍ർആർടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഉടൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെടുന്നു. ഇന്നലെ സബ് കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോ​ഗം ചേർന്നിരുന്നു.. മരിച്ച അമറിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു ഇന്ന് കൈമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് താമസിക്കുന്ന മറ്റുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Elephant Attack: കാട്ടാന ആക്രമണം: അമർ ഇലാഹിയുടെ ഖബറടക്കം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ ആരംഭിച്ചു
അമർ ഇലാഹി (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 30 Dec 2024 07:00 AM

തൊടുപുഴ: ഇടുക്കി മുള്ളരിങ്ങാട് വണ്ണപ്പുറം പഞ്ചായത്തിൽ (Elephant Attack In vannapuram) കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ ഖബറടക്കം ഇന്ന് നടക്കും. രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് ഇലാഹിയുടെ ഖബറടക്കം. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ഹർത്താൽ ആരംഭിച്ചു. കാട്ടാന ആക്രമണത്തിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്നാണ് പ്രതിഷേധക്കാരായ നാട്ടുകാരുടെ ആവശ്യം.

സോളാർ വേലി, ആ‍ർആർടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഉടൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെടുന്നു. ഇന്നലെ സബ് കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോ​ഗം ചേർന്നിരുന്നു.. മരിച്ച അമറിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു ഇന്ന് കൈമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പുലർച്ചയോടെയാണ് അമർ ഇലാഹിയുടെ പോസ്റ്റ‌്മോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്.

കോതമംഗലം ഡിവിഷനിൽ മുള്ളരിങ്ങാട് റെയിഞ്ചിൽ ചുള്ളിക്കണ്ടം സെക്ഷൻ പരിധിയിൽപ്പെട്ട അമയൽതൊട്ടി ഭാഗത്ത്‌ വച്ചാണ് അമറിനെ കാട്ടാന ആക്രമിക്കുന്നത്. കാടിനുള്ളിൽ പശുവിനെ അന്വേഷിച്ചു പോയ 23 വയസുള്ള അമർ ഇലാഹിയെയാണ് കാട്ടാന ആക്രമിച്ചത്. സംഭവത്തിൽ സർക്കാർ ധനസഹായമായി കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചിരുന്നു. ദുരന്ത നിവാരണ വകുപ്പുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മന്ത്രി ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. ഈ തുക ഉടൻ തന്നെ കുടുംബത്തിന് നൽകുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്നും മന്ത്രി വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.

ALSO READ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം, യുവാവിന് ദാരുണാന്ത്യം

പ്രദേശത്ത് താമസിക്കുന്ന മറ്റുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എംപിയും അറിയിച്ചു. കുടുംബത്തിന് നാല് ലക്ഷം ഉടൻ അനുവദിക്കുമെന്നാണ് ഉറപ്പ് നൽകിയത്. ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് നാല് ലക്ഷം രൂപ ഇന്ന് തന്നെ നൽകാനാണ് സർക്കാർ തീരുമാനിച്ചത്. ആറ് ലക്ഷം രൂപ പിന്നീട് നൽകുന്നതാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രദേശത്ത് കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും. ഫെൻസിങ് ഉൾപ്പെടെ വേഗത്തിൽ നടപ്പാക്കാൻ സിസിഎഫ് തലത്തിൽ ചർച്ച നടത്തി ഉടൻ നടപടി സ്വീകരിക്കുമെന്നും എംപി അറിയിച്ചു.

പ്രദേശത്ത് ‌‌രണ്ട് വർഷമായി ആനയുടെ ശല്യം രൂക്ഷമാണ്. ജനവാസ മേഖലകളിലും കൃഷി സ്ഥലത്തും നിരന്തരമായി ആനയനുടെ സാന്നിധ്യം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തുടരുകയാണെന്നും നാട്ടുകാർ പ്രതികരിച്ചു. എന്നാൽ പ്രദേശത്ത് സോളാർ ഫെൻസിം​ഗ് സ്ഥാപിക്കുന്ന നടപടികൾ പുരോ​ഗമിക്കുകയാണെന്നാണ് വനം വകുപ്പിന്റെ വാദം. കോതമംഗലം ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിലാണ് മുള്ളരിങ്ങാടും. നേരത്തെ ആനകൾ പതിവായി പ്രദേശത്തെ കൃഷി നശിപ്പിച്ചിരുന്നെങ്കിലും മനുഷ്യനെ ആക്രമിക്കുന്നത് ആദ്യമായിട്ടാണെന്നാണ് വിവരം.