5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Elephant Attack: വാളയാറിൽ കാട്ടാന ആക്രമണം; കൃഷി സ്ഥലത്തുവച്ച് ചവിട്ടേറ്റ കർഷകന് പരിക്ക്

Elephant Attack Farmer Injured: പാലക്കാട് വാളയാറിലുണ്ടായ കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്. കൃഷി സ്ഥലത്തിറങ്ങിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ആനയുടെ ചവിട്ടേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Elephant Attack: വാളയാറിൽ കാട്ടാന ആക്രമണം; കൃഷി സ്ഥലത്തുവച്ച് ചവിട്ടേറ്റ കർഷകന് പരിക്ക്
പ്രതീകാത്മക ചിത്രം
abdul-basith
Abdul Basith | Published: 25 Jan 2025 07:17 AM

പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണം. വയനാട് കടുവയിറങ്ങി ആദിവാസി സ്ത്രീ കൊല്ലപ്പെട്ടതിൻ്റെ ഞെട്ടൽ മാറും മുൻപാണ് വാളയാറിൽ കാട്ടാനയുടെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് കർഷകന് പരിക്കേറ്റു. കാട്ടാനയെ തുരത്താനെത്തിയ വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. പരിക്കേറ്റ വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്തേക്ക് കാട്ടാനകൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. അതുകൊണ്ട് തന്നെ കർഷകർ ജാഗ്രതയിലുമായിരുന്നു. ഇതിനിടെയാണ് വിജയൻ്റെ കൃഷിയിടത്തിൽ ആന എത്തുന്നത്. അതിക്രമിച്ചുകയറിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണമുണ്ടാവുകയായിരുന്നു. വിജയൻ്റെ നേർക്ക് പാഞ്ഞടുത്ത കാട്ടാന ഇയാളെ തിരികെ ഓടിച്ചു. ഓട്ടത്തിനിടെ വിജയനെ കാട്ടാന ചവിട്ടുകയും ചെയ്തു. ഇയാളുടെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. വിജയൻ നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read: Tiger Attack in Mananthavady: മാനന്തവാടി ന​ഗരസഭയിൽ ഇന്ന് ഹർത്താൽ; പഞ്ചാരകൊല്ലിയിൽ നിരോധനാജ്ഞ തുടരുന്നു

പഞ്ചാരക്കൊല്ലിയിൽ ഇന്ന് ഹർത്താൽ
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ജനുവരി 25, ശനിയാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു. യുഡിഎഫും എസ്ഡിപിഐയുമാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്ന് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ നടക്കുക. അവശ്യ സർവീസുകൾ ഒഴിവാക്കും.

പഞ്ചാരക്കൊല്ലിയക്കമുള്ള ഇടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനുവരി 27, തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ. ഇതിനുള്ളിൽ കടുവയെ പിടികൂടാമെന്നാണ് പ്രതീക്ഷ. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ ഭാരതീയ ന്യായ സംഹിത 163 പ്രകാരം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും.

പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം
കഴിഞ്ഞ ദിവസം പുലർച്ചെയാണ് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണമുണ്ടായത്. പ്രദേശവാസിയായ രാധയെ (45) കടുവ കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വനത്തിൽ കാപ്പി ശേഖരിക്കാൻ പോയ രാധയെ കടുവ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തണ്ടബോൾട്ട് സംഘമാണ് രാധയുടെ മൃതദേഹം വനത്തിൽ നിന്ന് കണ്ടെത്തിയത്. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യയായ രാധ ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണിയുടെ ബന്ധുവാണ്. മിന്നു മണിയുടെ അമ്മയുടെ സഹോദരനാണ് രാധയുടെ ഭര്‍ത്താവ് അച്ഛപ്പന്‍. രാധയ്ക്ക് അനുശോചനം രേഖപ്പെടുത്തിയ മിന്നുമണി ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്ന് ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു.

ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് സർക്കാർ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും മന്ത്രി ഒആർ കേളു അറിയിച്ചു. ഇതിന് പിന്നാലെയാണ് രാധയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ വെടിവച്ച് കൊല്ലാൻ സർക്കാർ ഉത്തരവിട്ടത്. കടുവ നരഭോജിയാണെന്നുറപ്പ് വരുത്തിയ ശേഷം മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടിക്കണമെന്നാണ് നിർദ്ദേശം. ഇതിന് കഴിയുന്നില്ലെങ്കിൽ വെടിവെച്ച് കൊല്ലണമെന്നും ഉത്തരവിൽ പറയുന്നു.