Thiruvalla Temple Elephant Attack: തിരുവല്ലയില്‍ ആനയിടഞ്ഞു; ഉത്സവത്തിനിടെ വിരണ്ടയാന മറ്റൊരാനയെ കുത്തി, പത്ത് പേര്‍ക്ക് പരിക്ക്
Elephant Attack in Temple: ഉണ്ണിക്കുട്ടന്റെ കുത്തേറ്റ് മുന്നോട്ട് നീങ്ങിയ ജയരാജന്‍ ക്ഷേത്രത്തിലെ പഴയ ഊട്ടുപുരയ്ക്ക് സമീപത്തിലേക്ക് ഓടി. ഇതോടെ ജയരാജന് മുകളില്‍ ഇരുന്നിരുന്ന കീഴ്ശാന്തി ശ്രീകുമാര്‍ താഴേക്ക് പതിച്ചു. എങ്കിലും ആന ശാന്തനായതിനാല്‍ വലിയ അപകടം ഒഴിവായി.

തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. ഉത്സവ എഴുന്നള്ളിപ്പിനിടെ വിരണ്ട ആന മറ്റൊരാനയെ കുത്തുകയായിരുന്നു. ഇത് പരിഭ്രാന്തി സൃഷ്ടിച്ചു. ആന വിരണ്ടത് കണ്ട് ഓടിയവര്‍ക്കും ആന പുറത്തിരുന്നവര്‍ക്കും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. വേണാട്ടുമുറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ് വിരണ്ട് കൂടെയുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ജയരാജന്‍ എന്ന ആനയെ കുത്തിയത്.
ഉണ്ണിക്കുട്ടന്റെ കുത്തേറ്റ് മുന്നോട്ട് നീങ്ങിയ ജയരാജന്‍ ക്ഷേത്രത്തിലെ പഴയ ഊട്ടുപുരയ്ക്ക് സമീപത്തിലേക്ക് ഓടി. ഇതോടെ ജയരാജന് മുകളില്‍ ഇരുന്നിരുന്ന കീഴ്ശാന്തി ശ്രീകുമാര്‍ താഴേക്ക് പതിച്ചു. എങ്കിലും ആന ശാന്തനായതിനാല്‍ വലിയ അപകടം ഒഴിവായി.
ജയരാജനെ കുത്തിയ ഉണ്ണിക്കുട്ടന്‍ ശാസ്താംനടയ്ക്ക് സമീപത്തേക്കായിരുന്നു ഓടിയത്. ആനയുടെ പുറത്തിരുന്ന അനൂപിന് നിലത്തുവീണ് സാരമായി പരിക്കേറ്റു. മാര്‍ച്ച് രണ്ടിന് ഞായറാഴ്ച വൈകീട്ട് നടന്ന ശ്രീബലി എഴുന്നള്ളിപ്പില്‍ രണ്ടാം വലത്തിനിടെയാണ് ഗരുഡമാടത്തറയ്ക്ക് സമീപം ആനകള്‍ ഏറ്റുമുട്ടിയത്.




രണ്ടാനകളും വിരണ്ട് ഓടിയെങ്കിലും ഉടന്‍ തന്നെ തളയ്ക്കാന്‍ സാധിച്ചു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ഞായറാഴ്ച രാവിലെ നടന്ന എഴുന്നള്ളത്തിലും ഉണ്ണിക്കുട്ടന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായാണ് വിവരം. ആനപ്പുറത്തിരുന്നവരെ ഇറങ്ങാന്‍ സമ്മതിച്ചിരുന്നില്ല. ആനയെ വീണ്ടും വൈകീട്ട് എഴുന്നള്ളിച്ചതില്‍ ഭക്തര്‍ പ്രതിഷേധം രേഖപ്പെടുത്തി.
പരിക്കേറ്റ ശ്രീലക്ഷ്മി, ശ്രേയ, ശോഭ, രേവമ്മ, രാമചന്ദ്രന്‍, രമേശ്, ശശികല, അശോകന്‍ എന്നിവര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കീഴ്ശാന്തി ശ്രീകുമാറിന് കാലിന് പൊട്ടലും അനൂപിന്റെ തലയുടെ പിന്നില്‍ മുറിവേറ്റിട്ടുമുണ്ടെന്ന് ഇവരെ ചികിത്സിച്ച തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ അധികൃതര്‍ അറിയിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.