രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം; ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ ബിജെപി നൽകിയ പരാതിയിലാണ് നടപടി.
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് താക്കീത് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. രാജീവ് ചന്ദ്രശേഖർ പണംവാങ്ങി സമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നുവെന്നായിരുന്നു തരൂരിന്റെ ആരോപണം. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ ബിജെപി നൽകിയ പരാതിയിലാണ് നടപടി. ബിജെപി ലീഗൽ സെൽ കൺവീനർ ജെ പത്മകുമാർ, തിരുവനന്തപുരം ജില്ല പ്രസിഡൻ്റ് വി വി രാജേഷ് എന്നിവരാണ് സംസ്ഥാന ചീഫ് ഇലക്ഷൻ കമ്മിഷണർക്ക് പരാതി നൽകിയത്. ഇനി അത്തരത്തിലുള്ള ആരോപണങ്ങൾ ആവർത്തിക്കരുതെന്നും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ചാനലിനും നിർദ്ദേശം നൽകി.
അതേസമയം കമ്മീഷന്റെ തെളിവെടുപ്പിൽ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നായിരുന്നു സംഭവത്തോട് തരൂരിന്റെ പ്രതിനിധി വിശദീകരണം നൽകിയത്. സ്വകാര്യ വാർത്താ ചാനൽ നടത്തിയ അഭിമുഖത്തിലായിരുന്നു ശശി തരൂരിന്റെ ആരോപണം. രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്ക് പണം നൽകിയതായും മതനേതാക്കൾക്ക് വോട്ടിന് പകരം പണം വാഗ്ദാനം ചെയ്തതായുമാണ് തരൂർ ആരോപിച്ചത്. ബിജെപി സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ ശശി തരൂർ നടത്തിയ പരാമർശങ്ങൾ അനാവശ്യവും യാതൊരു തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി. തൻ്റെ പരാമർശങ്ങൾ എതിർ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറെയോ ബിജെപിയെയോ ഉദ്ദേശിച്ചല്ലായെന്ന ശശി തരൂരിൻ്റെ വാദവും തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിക്കളഞ്ഞു.
ശശി തരൂരിൻ്റെ പ്രസ്താവന മാതൃകാ പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്നും സാഹചര്യം വച്ച് നോക്കുമ്പോൾ ഇത് എതിർ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയാണെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസിലാകും. ജാതീയവും മതപരവുമായ വികാരങ്ങളെ ഹനിക്കുന്ന പ്രസ്താവനകൾ നടത്താൻ പാടില്ലാത്തതാണ്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കരുതെന്നും മാതൃകാ പെരുമാറ്റചട്ടങ്ങളുടെ ചുമതലയുള്ള സബ്കളക്ടർ ഡോ. അശ്വനി ശ്രീനിവാസ് ശക്തമായ താക്കീത് നൽകി.
തെളിവുകളോ രേഖകളോ ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന അഭിമുഖത്തിൻ്റെ ഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഉടൻ നിർത്തണമെന്നും ഏതെങ്കിലും തരത്തിൽ അവ പ്രസിദ്ധപ്പെടുത്തരുതെന്നും അങ്ങനെയുള്ളവ പിൻവലിക്കണമെന്നും സ്വകാര്യ വാർത്താ ചാനലിനും കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.