Election 2024: പാലക്കാട് കള്ളപ്പണ ആരോപണം: തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
Palakkad Black Money Issue: ചൊവ്വാഴ്ച രാത്രി 12നാണ് പാലക്കാട്ടെ കെപിഎം റീജൻസിയിൽ പൊലീസ് കള്ളപ്പണ ആരോപണത്തെ തുടർന്ന് പരിശോധന നടത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ ഹോട്ടലിലേക്ക് വന്‍തോതില്‍ പണം എത്തിച്ചെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പാലക്കാട്: കോൺഗ്രസ് നേതാക്കൾക്കെതിരായ കള്ളപ്പണ വിവാദത്തിൽ ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. പാലക്കാട് ജില്ലാ കലക്ടർ ഡോ. എസ് ചിത്ര ഐഎഎസിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി കൃത്യമായി ഉത്തരവിൽ പറഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രി 12നാണ് പാലക്കാട്ടെ കെപിഎം റീജൻസിയിൽ പൊലീസ് കള്ളപ്പണ ആരോപണത്തെ തുടർന്ന് പരിശോധന നടത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ ഹോട്ടലിലേക്ക് വന്‍തോതില്‍ പണം എത്തിച്ചെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് പല രീതിയിലുള്ള ആക്ഷേപങ്ങളും പരാതികളും ഉയർന്നിട്ടുണ്ട്. പാലക്കാട്ടെ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് പെട്ടിയിൽ പണം കൊണ്ടുവന്നു എന്നാണ് ആരോപണം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിക്കാതെ പൊലീസ് സ്ഥലത്തെത്തിയതായും മുറി പരിശോധിച്ചെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നു വന്ന പരാതികൾ കെെകാര്യം ചെയ്തതിൽ ചട്ടലംഘന ഉണ്ടായെന്ന ആക്ഷേപം കോൺഗ്രസും ഉന്നയിക്കുന്നുണ്ട്. ഈ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന റിപ്പോർട്ടാണ് പാലക്കാട് കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ തുടർനടപടികളിലേക്ക് നീങ്ങുക. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നെന്ന് ബോധ്യപ്പെട്ടാൽ എസ്പിയോട് ഉൾപ്പെടെ കമ്മീഷൻ വിശദീകരണം തേടും.
വനിതാ പൊലീസുകാരില്ലാതെ കോൺഗ്രസ് നേതാക്കളുടെ മുറി പരിശോധിക്കാൻ എത്തിയപ്പോഴേക്കും പ്രദേശത്ത് സംഘവർഷാവസ്ഥ ഉടലെടുത്തിരുന്നു. ഷാനിമോൾ ഉസ്മാന്റെ മുറിയിൽ പരിശോധന നടത്താൻ പൊലീസ് എത്തിയപ്പോഴായിരുന്നു കോൺഗ്രസ് നേതാക്കൾ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. പൊലീസ് ആവശ്യപ്പെട്ടിട്ടും വാതിൽ തുറക്കാൻ ഷാനിമോൾ ഉസ്മാൻ തയ്യാറായില്ല. വനിതാ പൊലീസ് ഇല്ലെന്നായിരുന്നു ന്യായീകരണം. പിന്നീട് വനിതാ പൊലീസ് എത്തിയപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരില്ലെന്ന വാദമുന്നയിച്ചും പരിശോധന തടയാൻ ശ്രമമുണ്ടായി. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് ഷാനിമോൾ ഉസ്മാൻ തന്റെ മുറി പരിശോധിക്കാൻ പൊലീസിനെ അനുവദിച്ചത്.
കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലേക്ക് കള്ളപ്പണം കൊണ്ടുവന്നെന്ന് പറയുന്ന ആരോപണങ്ങള്‍ക്ക് ബലം പകരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കെഎസ്‌യു നേതാവ് ഫെനി നീല ട്രോളി ബാഗുമായി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ദൃശ്യങ്ങളിൽ പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലുമുണ്ട്. പരിശോധനയ്ക്കായി പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് ഇവർ ഹോട്ടലിൽ നിന്ന് പുറത്തേക്കുപോയത്.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി.