തെരഞ്ഞെടുപ്പ് പ്രചാരണം: പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ
യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥമാണ് പ്രിയങ്ക ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 2.30 ന് പത്തനംതിട്ടയിലെത്തുക.
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് ദേശീയ നേതാക്കൾ കേരളത്തിലേക്ക് എത്തുന്നത് സാധാരണയാണ്. രാഹുലിനു പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഇത്തവണ കേരളത്തിലെത്തിയത്. രാവിലെ 11.30 ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയ പ്രിയങ്ക ഹെലികോപ്റ്റർ മാർഗ്ഗം ചാലക്കുടി മണ്ഡലത്തിലെ ചേരമാൻ പറമ്പ് മൈതാനത്തെത്തി പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചു. ഉച്ചക്ക് 2.30 ന് പത്തനംതിട്ടയിലെ പൊതുസമ്മേളനവും നാലുമണിക്ക് തിരുവനന്തപുരത്ത് റോഡ് ഷോയുമാണ് പ്രിയങ്ക ഗാന്ധിയുടെ മറ്റ് പരിപാടികള്‍. വൈകിട്ട് 5.20 ഓടെ പ്രിയങ്ക ഗാന്ധി ദില്ലിക്ക് തിരിക്കും.
യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥമാണ് പ്രിയങ്ക ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 2.30 ന് പത്തനംതിട്ടയിലെത്തുക. മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് പ്രിയങ്ക പ്രസംഗിക്കും. 2.15 ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ എത്തുന്ന പ്രിയങ്ക പൂങ്കാവ്, വാഴമുട്ടം, താഴൂർക്കടവ്, കൊടുന്തറ, അഴൂർ വഴി സ്റ്റേഡിയത്തിൽ എത്തിച്ചേരും.
ലോക്സഭാ നിയോജക മണ്ഡലത്തിലെ 94 മണ്ഡലം യുഡിഎഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 1437 ബൂത്തുകളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്നു യുഡിഎഫ് നേതാക്കൾ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ 1.30 ന് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ തയാറാക്കിയിട്ടുള്ള പന്തലിൽ പ്രവേശിക്കണം. 25,000 പ്രവർത്തകർക്ക് ഇരിക്കാനുള്ള ക്രമീകരണങ്ങൾ സ്റ്റേഡിയത്തിൽ ഒരുക്കിയതായി സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പൊതുസമ്മേളനത്തിന്റെ ഒരുക്കങ്ങൾ പ്രിയങ്ക ഗാന്ധിയുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡൽഹിയിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ പൊതുമരാമത്ത്, റവന്യു വകുപ്പ് അധികൃതർ എന്നിവരുമായി ചർച്ച നടത്തി വിലയിരുത്തിയിരുന്നു. വാഹനങ്ങൾ പ്രവർത്തകരെ സ്റ്റേഡിയത്തിനു സമീപം ഇറക്കിയ ശേഷം വെട്ടിപ്പുറം, ശബരിമല ഇടത്താവളം, റിങ് റോഡിന്റെ സൗകര്യപ്രദമായ വശങ്ങൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നു നേതാക്കളായ പഴകുളം മധു, വർഗീസ് മാമ്മൻ, എ.ഷംസുദ്ദീൻ, സാമുവൽ കിഴക്കുപുറം, ജോൺസൻ വിളവിനാൽ എന്നിവർ അറിയിച്ചു.