Eid Al Fitr 2025: ചെറിയ പെരുന്നാളിൻ്റെ നിലാവ് കണ്ടില്ലെങ്കിൽ എന്ത് ചെയ്യും?; ഇത്തവണ നമുക്ക് എപ്പോഴാവും പെരുന്നാൾ?
Eid Al Fitr 2025 - Moon Sighting: മാസപ്പിറവി ദൃശ്യമായി, നാളെ പെരുന്നാൾ എന്ന വാർത്തകൾക്കിടെ മാസപ്പിറവി കണ്ടില്ലെങ്കിലോ എന്ന ചോദ്യമുയരാറുണ്ട്. ഈ ചോദ്യത്തിനുള്ള ഉത്തരം എന്താണെന്ന് നോക്കാം.

ചെറിയ പെരുന്നാൾ ദിവസം അടുത്തുവരുന്നു. നിലാവ് കണ്ടാൽ പിറ്റേന്ന് പെരുന്നാളാവും. അപ്പോൾ നിലാവ് കണ്ടില്ലെങ്കിലോ? എല്ലാ മാസവും നിലാവ് കാണുകയെന്ന പതിവുണ്ടോ? നമുക്ക് എപ്പോഴാവും ചെറിയ പെരുന്നാൾ? ഈ ചോദ്യങ്ങളുടെ ഉത്തരം പറയുന്നതിന് മുൻപ് മറ്റ് ചില കാര്യങ്ങൾ വിശദമാക്കേണ്ടതുണ്ട്.
അറബി മാസങ്ങൾ
അറബി മാസങ്ങൾ ആകെ 12 എണ്ണമാണ്. മുഹറം, സഫർ, റബിഉൽ അവ്വൽ റബിഉൽ ആഖിർ, ജമാദുൽ അവ്വൽ, ജമാദുൽ ആഖിർ, റജബ്, ഷഅബാൻ, റമദാൻ, ശവ്വാൽ, ദുൽഖഅദ്, ദുൽഹിജ്ജ. 9ആം മാസമായ റമദാനിലാണ് വിശ്വാസികൾ നോമ്പെടുക്കുക. ശവ്വാൽ ഒന്നിനാണ് ചെറിയ പെരുന്നാൾ. അറബി കലണ്ടറിലെ എല്ലാ മാസത്തിലുമുണ്ടാവുക 29, 30 ദിവസങ്ങളാണ്. ഈ ദിവസങ്ങൾ തീരുമാനിക്കുന്നത് നിലാവ് കാണുന്നതിനനുസരിച്ചും. 29 ദിവസം പൂർത്തിയാവുന്ന രാത്രി നിലാവ് കണ്ടാൽ പിറ്റേ ദിവസം അടുത്ത മാസമാരംഭിക്കും. അന്ന് നിലാവ് കണ്ടില്ലെങ്കിൽ മാസം 30 പൂർത്തിയാക്കും. നിലവ് കണ്ടാലും കണ്ടില്ലെങ്കിലും അടുത്ത ദിവസം അടുത്ത മാസമാരംഭിക്കുകയും ചെയ്യും.
ചെറിയ പെരുന്നാൾ
ഇതുപോലെ തന്നെയാണ് റമദാൻ മാസം അവസാനിച്ച് ശവ്വാൽ മാസം തുടങ്ങുന്നത്. ശവ്വാൽ ഒന്നിനാണ് ചെറിയ പെരുന്നാൾ. പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞതനുസരിച്ച് ഇസ്ലാമിൽ രണ്ട് ആഘോഷങ്ങളാണുള്ളതെന്നാണ് പണ്ഡിതർ പറയുന്നു. ചെറിയ പെരുന്നാളും വലിയ പെരുന്നാളും. വലിയ പെരുന്നാൾ ഹജ്ജിനോട് അനുബന്ധിച്ചുള്ളതാണ്. ചെറിയ പെരുന്നാൾ റമദാന് ശേഷമുള്ളതും. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായാണ് ചെറിയ പെരുന്നാൾ എന്നതാണ് വിശ്വാസം.
Also Read: Eid Al Fitr Dubai: ചെറിയ പെരുന്നാളിന് സൗജന്യ പാർക്കിംഗ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ
ചെറിയ പെരുന്നാൾ നിലാവ്
ചെറിയ പെരുന്നാളിൻ്റെ നിലാവ് കാണാനായി മതനേതാക്കളും വിശ്വാസികളും ശ്രമിക്കാറുണ്ട്. ബൈനോക്കുലറുകൾ അടക്കമുള്ളവ ഉപയോഗിച്ചാണ് നിലാവ് കാണാനുള്ള ശ്രമം നടത്തുക. നിലാവ് കണ്ടു എന്ന് തെളിഞ്ഞാൽ മതനേതാക്കൾ (ഖാസിമാർ) ഇത് ഔദ്യോഗികമായി അറിയിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരാണ് ഖാസിമാർ. കേരളത്തിൽ മാർച്ച് രണ്ടിനാണ് റമദാൻ മാസം ആരംഭിച്ചത്. അതുകൊണ്ട് തന്നെ മാർച്ച് 30ന് റമദാൻ 29 ദിവസം പൂർത്തിയാവും. അന്ന് നിലാവ് കണ്ടാൽ പിറ്റേന്ന്, അതായത് മാർച്ച് 31ന് പെരുന്നാളാവും.
പെരുന്നാൾ നിലാവ് കണ്ടില്ലെങ്കിൽ?
മാർച്ച് 30ന് അന്ന് നിലാവ് കണ്ടില്ലെങ്കിൽ പിന്നൊന്നും നോക്കാനില്ല, ഏപ്രിൽ ഒന്നിനാവും ചെറിയ പെരുന്നാൾ. 31ന് നിലാവ് കണ്ടാലും കണ്ടില്ലെങ്കിലും അന്ന് റമദാൻ 30 ദിവസം പൂർത്തിയാക്കും. അതുകൊണ്ട് തന്നെ ഏപ്രിൽ ഒന്ന് ശവ്വാൽ ഒന്നാവും. ശവ്വാൽ ഒന്നിനാണ് ചെറിയ പെരുന്നാൾ. അതായത് കേരളത്തിൽ തിങ്കളോ ചൊവ്വയോ ആവും ചെറിയ പെരുന്നാൾ ആചരിക്കുക.