Eid Al Fitr 2025: മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
ശവ്വാൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ.

കേരളത്തിൽ നാളെ (മാർച്ച് 31) ചെറിയ പെരുന്നാൾ. മലപ്പുറം പൊന്നാനിയിലാണ് മാസപ്പിറവി കണ്ടത്. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഇക്കാര്യം അറിയിച്ചു. ഇന്ന് റമദാൻ മാസം 29 പൂർത്തിയാക്കി. ഇന്ന് നിലാവ് കണ്ടതിനാൽ റമദാൻ മാസം 30 പൂർത്തിയാക്കില്ല. ഇന്ന് നിലാവ് കണ്ടില്ലായിരുന്നെങ്കിൽ നാളെ റമദാൻ 30 പൂർത്തിയാക്കുമായിരുന്നു.
മുഹറം, സഫർ, റബിഉൽ അവ്വൽ റബിഉൽ ആഖിർ, ജമാദുൽ അവ്വൽ, ജമാദുൽ ആഖിർ, റജബ്, ഷഅബാൻ, റമദാൻ, ശവ്വാൽ, ദുൽഖഅദ്, ദുൽഹിജ്ജ എന്നീ 12 മാസങ്ങളാണ് അറബി കലണ്ടറിൽ ഉള്ളത്. ഇതിൽ 9ആം മാസമാണ് റമദാൻ.
ശവ്വാൽ ഒന്നിനാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞതനുസരിച്ച് ഇസ്ലാമിൽ രണ്ട് ആഘോഷങ്ങളാണുള്ളത്. ചെറിയ പെരുന്നാളും വലിയ പെരുന്നാളും. വലിയ പെരുന്നാൾ ഹജ്ജിനോട് അനുബന്ധിച്ചാണ് ആചരിക്കുന്നത്. ചെറിയ പെരുന്നാൾ റമദാൻ മാസത്തിലെ നോമ്പുകാലത്തിന് ശേഷവും.
ഒമാനിലും തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ. ഒമാൻ ഒഴികെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഈ മാസം 30, ഞായറാഴ്ച പെരുന്നാളായിരുന്നു. ഇതോടെ ഒമാനും കേരളവും ഒരു ദിവസം ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്.