Gokulam Gopalan: ചോദ്യം ചെയ്യലിന് ഹാജരാകണം; ഗോകുലം ഗോപാലന് വീണ്ടും ഇ.ഡി നോട്ടീസ്
Gokulam Gopalan: ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ് അയച്ച് ഇ.ഡി. 595കോടി രൂപയുടെ ഫെമ ചട്ട ലംഘനം നടത്തിയെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് 2022ൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

കൊച്ചി: സിനിമ നിർമ്മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ് അയച്ച് ഇ.ഡി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വിദേശനാണയ വിനിമയച്ചട്ടലംഘന(ഫെമ)വുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
ഏപ്രിൽ 22ന് ഹാജരാകണമെന്ന് നോട്ടീസിൽ നിർദ്ദേശിക്കുന്നു. നേരിട്ട് എത്തുകയോ പ്രതിനിധികളെ അയക്കുകയോ ചെയ്യാമെന്നും ഇഡി വ്യക്തമാക്കി. രണ്ടാം തവണയാണ് ഗോകുലം ഗോപാലനെ ചോദ്യം ഇ.ഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം 6 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
എമ്പുരാൻ വിവാദത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ നിർമ്മാതാവായ ഗോകുലം ഗോപാലനെതിരെ ഇഡി അന്വേഷണം മുറുകിയത്. 595കോടി രൂപയുടെ ഫെമ ചട്ട ലംഘനം നടത്തിയെന്നാണ് കണ്ടെത്തൽ. നിയമം ലംഘിച്ച് പ്രവാസികളിൽ നിന്ന് ചിട്ടികൾക്കായാണ് പണം സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് 2022ൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
കൂടുതൽ തുകയിൽ ചട്ട ലംഘനം നടത്തിയിട്ടുണ്ടോ, വിദേശത്ത് നിന്ന് ചട്ടം ലംഘനം നടത്തി എത്തിച്ച പണം ഗോകുലം ഗ്രൂപ്പ് ചെലവഴിച്ചത് എന്ത് ആവശ്യത്തിനാണ് തുടങ്ങിയ കാര്യങ്ങളിലാണ് പരിശോധന നടത്തുന്നത്. ചിട്ടികളിൽ ചേർത്ത പ്രവാസികളുടെ വിവരങ്ങൾ ഹാജരാക്കാനും ഇഡി നിർദേശിച്ചിട്ടുണ്ട്.