Arabian Sea Earthquake: അറബിക്കടലില്‍ ഭൂചലനം; കേരളത്തില്‍ സുനാമി വരുന്നു?
റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സുനാമിക്ക് സാധ്യതയില്ലെന്നാണ് സ്വകാര്യ നിരീക്ഷണ കേന്ദ്രം മെറ്റ്ബീറ്റ് വെതര്‍ പറയുന്നത്
തിരുവനന്തപുരം: അറബിക്കടലില്‍ ഭൂചലനം. ഇന്ത്യന്‍ സമയം രാത്രി 8.56 ഓടെയാണ് ഭൂചലനമുണ്ടായത്. മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.
ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രത്തെ കൂടാതെ സ്വകാര്യ ഏജന്‍സികളും ഭൂചലനമുണ്ടായതായി സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ മാലിദ്വീപില്‍ നിന്ന് 216 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകര്‍ പറയുന്നുണ്ട്.
ഇതിന്റെ ഫലമായി മാലിദ്വീപിലെ ഏഴ് നഗരങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സുനാമിക്ക് സാധ്യതയില്ലെന്നാണ് സ്വകാര്യ നിരീക്ഷണ കേന്ദ്രം മെറ്റ്ബീറ്റ് വെതര്‍ പറയുന്നത്.
ദുരിതംവിതച്ച 2004
2004 ഡിസംബര്‍ 26നായിരുന്നു കേരളത്തെ പിടിച്ചുകുലുക്കിയ സുനാമി എത്തിയത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നായി രണ്ടരലക്ഷം ആളുകളെയാണ് സുനാമി കൊണ്ടുപോയത്. 2004 ഡിസംബര്‍ 26ന് പ്രാദേശിക സമയം 7.59നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ ഏഴുമണിക്കൂറിനുള്ളില്‍ കിഴക്കന്‍ ആഫ്രിക്ക വരെ എത്തിയ സുനാമിത്തിരകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെമ്പാടും നാശം വിതച്ചിരുന്നു.
കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത് ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ കേരളം, തമിഴ്നാട്, ആന്ധ്രാ, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ തീരങ്ങളിലാണ് സുനാമി തിരകള്‍ ആഞ്ഞടിച്ചത്. ഇവിടങ്ങളിലായി 16,000 ജീവനുകളാണ് നഷ്ടപ്പെട്ടത്.
സുനാമി തിരകള്‍ തച്ചുതകര്‍ത്ത തീരങ്ങളെ വീണ്ടെടുക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട പ്രയ്തനങ്ങള്‍ വേണ്ടി വന്നു. ലോകം ക്രിസ്മസ് ആഘോഷങ്ങളില്‍ നില്‍ക്കവേയാണ് വടക്കന്‍ സുമാത്രയില്‍ കടലിനടിയിലുണ്ടായ ഭൂകമ്പം ചരിത്രത്തെ മാറ്റിമറിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടത്.
കേരളത്തില്‍ 236 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏറ്റവും വലിയ നാശനഷ്ടമുണ്ടായത് ആലപ്പുഴ, കൊല്ലം ജില്ലകളിലാണ്. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ ദൂരം തീരം കടലെടുത്തു. കേരളത്തില്‍ മാത്രം 3000 വീടുകള്‍ തകര്‍ന്നു.തമിഴ്നാട്ടില്‍ മാത്രം 7000 മരണം. സുനാമിയുടെ തീവ്രത ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടി വന്നത് ഇന്തോനേഷ്യയായിരുന്നു. 1,67,000 പേര്‍ മരിച്ചെന്നും അഞ്ചു ലക്ഷത്തിലധികം വീടുകള്‍ തകര്‍ന്നുവെന്നുമാണ് കണക്കുകള്‍ പറയുന്നത്.