Thammanam Faisal: ഗുണ്ടയുടെ വിരുന്നുണ്ടു; ഡിവൈഎസ്പി സാബുവിന് സസ്‌പെന്‍ഷന്‍
വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. ഡിജിപിയും എഡിജിപിയും ഉള്‍പ്പെടെ 26 ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക
കൊച്ചി: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വിരുന്നില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്‌പെന്റ് ചെയ്തു. ആലുവ ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. സാബു നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പൊലീസിന്റെയും സര്‍ക്കാരിന്റെയും സല്‍പ്പേരിന് സാബുവിന്റെ പ്രവൃത്തിയിലൂടെ കളങ്കം വരുത്തിയെന്ന് ഉത്തരവില്‍ പറയുന്നു. സാബുവിനെ സസ്‌പെന്റ് ചെയ്യാന്‍ സംഭവം പുറത്തുവന്നതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം 31ന് വിരമിക്കാനിരുന്ന ഉദ്യോസ്ഥനാണ് സാബു.
സാബുവിന് പുറമെ പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാരെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ഒരു സിപിഒയേയും പൊലീസ് ഡ്രൈവറേയുമാണ് ആലപ്പുഴ എസ്പി സസ്‌പെന്റ് ചെയ്തിരുന്നത്. മൂന്നാമതൊരു പൊലീസുകാരന്‍ കൂടി പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ വിജിലന്‍സില്‍ ജോലി ചെയ്യുന്നയാളാണ്. ഈ ഉദ്യോഗസ്ഥനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
തമ്മനം ഫൈസലിന്റെ അങ്കമാലിയിലുള്ള വീട്ടില്‍ വെച്ചായിരുന്നു പാര്‍ട്ടി നടന്നിരുന്നത്. ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള റെയ്ഡിന്റെ ഭാഗമായി ഫൈസലിന്റെ വീട്ടിലെത്തിയ അങ്കമാലി എസ്‌ഐയും സംഘവുമാണ് ഡിവൈഎസ്പിയെയും മറ്റ് പൊലീസുകാരെയും കണ്ടത്. ഇതോടെ വിവരം പുറത്തറിഞ്ഞു.
അതേസമയം, വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. ഡിജിപിയും എഡിജിപിയും ഉള്‍പ്പെടെ 26 ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. പൊലീസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ചര്‍ച്ചയാകും. ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത വിഷയവും ചര്‍ച്ചയാകും. ഇന്ന് നടക്കുന്ന യോഗം ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ വിളിച്ചു ചേര്‍ക്കുന്ന പതിവ് യോഗമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.
പ്രകൃതി ദുരന്തങ്ങളും സമകാലിക സംഭവങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ക്രമസമാധാന നില മെച്ചപ്പെടുത്താനും ഗുണ്ടാ ആക്രമണങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കാനും വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പന്തീരങ്കാവ് കേസില്‍ പൊലീസിന് വീഴ്ചയുണ്ടായതായി ആഭ്യന്തരവകുപ്പ് വിലയിരുത്തിയിട്ടുണ്ട്. ഈ വിഷയവും ചര്‍ച്ച ചെയ്യും.
ഗുണ്ടാസംഘങ്ങളുമായി പൊലീസുകാര്‍ ബന്ധം സ്ഥാപിക്കുന്നതില്‍ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം കരമന അഖില്‍ കൊലപാതകത്തിന് ശേഷം സംസ്ഥാനത്തുടനീളം ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടാനുള്ള ഓപ്പറേഷന്‍ ആഗ്, ലഹരി അമര്‍ച്ച ചെയ്യാനുള്ള ഓപ്പറേഷന്‍ ഡി ഹണ്ട് എന്നിവ നടത്തിവരികയാണ് പൊലീസ്.