Dr A Jayathilak IAS: സംസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ വിസമ്മതിച്ച് മനോജ് ജോഷി; ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് നറുക്ക് വീണത് എ. ജയതിലകിന്
Dr A Jayathilak new Chief Secretary of Kerala: ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ജയതിലകിനെ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. എ. ജയതിലകിനെ തിരഞ്ഞെടുത്തു. നിലവിലുള്ള ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ജയതിലകിനെ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ജയതിലക്. സീനിയോറിറ്റിയില്‍ മുമ്പിലുള്ള കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങി വരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജയതിലകിന് നറുക്ക് വീണത്.
മാനന്തവാടി സബ് കളക്ടറായാണ് ഔദ്യോഗിക കരിയര്‍ ആരംഭിച്ചത്. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, കൃഷിവകുപ്പ് സെക്രട്ടറി, കൃഷിവകുപ്പ് ഡയറക്ടര്‍, കെടിഡിസി മാനേജിങ് ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. ആഭ്യന്തരം, റവന്യൂ, ടൂറിസം വകുപ്പുകളുടെയും സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.




തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയിട്ടുണ്ട്. ഐഐഎമ്മില്‍ നിന്ന് പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ജയതിലക് പൂര്‍ത്തിയാക്കി. കേരളത്തിന്റെ 50-ാമത് ചീഫ് സെക്രട്ടരിയാണ് ജയതിലക്. ജയതിലകിനെതിരെ നടത്തിയ പരസ്യ അധിക്ഷേപങ്ങളാണ് എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. എന്നാല്‍ പ്രശാന്തുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജയതിലക് ഇതുവരെ പ്രതികരിച്ചിട്ടില്ല.