Divya S Iyer: വിശ്വസ്തതയുടെ പാഠപുസ്തകം, കര്‍ണ്ണന് പോലും അസൂയ തോന്നുന്ന കവചം; കെ.കെ. രാഗേഷിന് ദിവ്യ എസ് അയ്യരുടെ പ്രശംസ
Divya S Iyer praises KK Ragesh: ദിവ്യയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ദിവ്യയെ പോലുള്ള ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രീയനിയമനങ്ങളെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നും, ഇത് ശരിയല്ലെന്നുമായിരുന്നു ചിലരുടെ വിമര്‍ശനം

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് പിന്നാലെ കെ.കെ. രാഗേഷിനെ പ്രശംസിച്ച് ദിവ്യ എസ് അയ്യര്‍ ഐഎഎസ്. കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെകെആര്‍ കവചമെന്ന് ദിവ്യ എസ് അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെ.കെ. രാഗേഷ് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് ദിവ്യയുടെ ഈ പ്രശംസ. രാഗേഷ് മുഖ്യമന്ത്രിക്ക് മികച്ച കവചമാകുമെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു ദിവ്യയുടെ വാക്കുകള്‍.
ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ രാഗേഷിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച തനിക്ക് അദ്ദേഹത്തിന്റെ അനവധി ഗുണങ്ങള്‍ ഒപ്പിയെടുക്കാനാകുമെന്നും ദിവ്യ പറഞ്ഞു. രാഗേഷ് വിശ്വസ്തതയുടെ ഒരു പാഠപുസ്തകവും, കഠിനാധ്വാനത്തിന്റെ ഒരു മക്ഷിക്കൂടുമാണെന്നും ദിവ്യ അഭിപ്രായപ്പെട്ടു.




അതേസമയം, ദിവ്യയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ദിവ്യയെ പോലുള്ള ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രീയനിയമനങ്ങളെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നും, ഇത് ശരിയല്ലെന്നുമായിരുന്നു ചിലരുടെ വിമര്‍ശനം.
View this post on Instagram
മുന്‍ രാജ്യസഭാ എംപിയായ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരിലെ സെക്രട്ടറിയായിരുന്ന എം.വി. ജയരാജനെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ജില്ലയില്‍ സിപിഎം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
പുതിയ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റും രൂപീകരിച്ചു. ഇതുവഴി കണ്ണൂരിലും പാര്‍ട്ടിക്ക് തലമുറമാറ്റമായി. മറ്റ് ജില്ലകളിലും പുതിയ സെക്രട്ടേറിയറ്റുകള്‍ രൂപീകരിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയംഗം കൂടിയാണ് രാഗേഷ്. 2015ലാണ് രാജ്യസഭാ എംപിയായത്. എസ്എഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി രാഗേഷിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. 1970 മെയ് 13നായിരുന്നു ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. നിയമ ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. എസ്എഫ്‌ഐയിലൂടെ സംഘടനാ രാഷ്ട്രീയത്തിലെത്തി. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ പ്രിയ വര്‍ഗീസ് ആണ് ഭാര്യ.