Hema Committee Report: രഞ്ജിത്തിനെതിരായ നടിയുടെ വെളിപ്പെടുത്തൽ; ആരോപണം സത്യമെന്ന് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ്
Hema Committee Report: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ വെളിപ്പെടുത്തൽ സത്യമെന്ന് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ്. രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായതിന് പിന്നാലെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ശങ്കറിനെ വിളിച്ച് നടിയാണ് സിനിമയിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. അക്കാലത്ത് സാമൂഹ്യ പ്രവർത്തകനായ ഫാദർ അഗസ്റ്റിൻ വട്ടോലി, എഴുത്തുകാരി കെ ആർ മീര എന്നിവർക്ക് ഇക്കാര്യമറിയാമായിരുന്നു. അവർ നടിയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ തുറന്നുപറയാനുള്ള ധൈര്യം അവർ കാണിച്ചില്ലെന്നും ജോഷി ജോസഫ് പറഞ്ഞു.
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാളി നടി. 2009-2010 കാലഘട്ടത്തിൽ പാലേരി മാണിക്യം എന്ന സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് എത്തിയപ്പോൾ രഞ്ജിത്തിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തലാണ് നടി നടത്തിയിരിക്കുന്നത്. ജോഷി ജോസഫ് എന്ന ഡോക്യുമെന്ററി സംവിധായനെ താൻ ഇക്കാര്യങ്ങൾ അറിയിച്ചതായും മലയാളത്തിലെ സ്വകാര്യ ചാനലിനോട് യുവതി വെളിപ്പെടുത്തിയിരുന്നു. നടി പറഞ്ഞത് സത്യമാണെന്ന് ജോഷി ജോസഫ് വ്യക്തമാക്കി.
”സംഭവം നടക്കുന്ന സമയത്ത് നടിയുണ്ടായിരുന്ന സ്ഥലത്തിനടുത്ത് ഞാനും ഉണ്ടായിരുന്നു. എന്നോട് അവരുണ്ടായിരുന്ന സ്ഥലത്തേക്ക് വരാൻ പറഞ്ഞു. രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി എന്നോട് പറഞ്ഞു. ഭയത്തോടെ നിന്ന അവരെ പിന്നാലെ തമ്മലത്തെ ചില്ല എന്ന വീട്ടിലേക്ക് ഞാൻ കൂട്ടികൊണ്ടുവന്നു. സ്ത്രീകൾ സിഗരറ്റ് വലിക്കുക എന്നത് മലയാളത്തിൽ അവൈലബിൾ ആണെന്നതിന്റെ സിഗ്നൽ ആണോയെന്ന് ചോദിച്ച് അവർ എന്നോട് തട്ടിക്കയറി. കാരണം, അസോസിയേറ്റ് ഡയറക്ടറായിരുന്ന ശങ്കറിന് അവരെ
പരിചയപ്പെടുത്തി കൊടുത്തത് താനായിരുന്നു. മോശം അനുഭവം ഉണ്ടായതിന് പിന്നാലെ ശങ്കറിനെ വിളിച്ച് നടിയാണ് സിനിമയിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. അക്കാലത്ത് സാമൂഹ്യ പ്രവർത്തകനായ ഫാദർ അഗസ്റ്റിൻ വട്ടോലി, എഴുത്തുകാരി കെ ആർ മീര എന്നിവർക്ക് ഇക്കാര്യമറിയാമായിരുന്നു. അവർ നടിയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ തുറന്നുപറയാനുള്ള ധൈര്യം അവർ കാണിച്ചില്ല.”- ജോഷി ജോസഫ് പറഞ്ഞു.
ഇന്ന് വൈകിട്ടാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി നടി രംഗത്തെത്തിയത്. സിനിമയിൽ അഭിനയിക്കാൻ വിളിച്ച് ഹോട്ടലിലെ ബാൽക്കണിയിൽവച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചു. തുടർന്ന് കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചു. ലൈംഗികമായി ഉപദ്രവിച്ചില്ലെങ്കിലും അതിന് മുതിരുന്ന രീതിയിലുള്ള സൂചനകൾ നൽകിയെന്നും പിന്നാലെ താൻ എതിർപ്പറിയിച്ച് മുറിയിൽനിന്ന് ഇറങ്ങിപ്പോയെന്നും അവർ പറഞ്ഞു. സിനിമയിൽ അഭിനയിക്കാതെ പിറ്റേന്ന് ബംഗാളിലേക്ക് മടങ്ങിപ്പോയെന്നും കേരളത്തെ കുറിച്ച് ഓർക്കുമ്പോൾ ഇക്കാര്യമാണ് ഓർമ്മ വരുന്നതെന്നും അവർ വെളിപ്പെടുത്തി.
എന്നാൽ നടിയുടെ ആരോപണം നിഷേധിച്ച് രഞ്ജിത്ത് രംഗത്തെത്തി. പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്ന നടിയെ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തുകൊണ്ടാണ് പരിഗണിക്കാതിരുന്നത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു. പിന്നാലെ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും നടിയുടെ വെളിപ്പെടുത്തലിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തി.
രഞ്ജിത്തിനെതിരായ നടിയുടെ വെളിപ്പെടുത്തൽ തലകുനിച്ച് കേൾക്കുന്നുവെന്ന് സംവിധായകൻ ആഷിക് അബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ബംഗാളിൽ നിന്ന് അഭിനയിക്കാനായി എത്തിയ സ്ത്രീ കേരളത്തിൽ ഭയചികിതയായി ഒരു രാത്രി തളളി നീക്കേണ്ടി വന്നിരിക്കുന്നു. നഗ്‌നമായ മനുഷ്യാവകാശ ലംഘനവും സ്ത്രീയോടുളള അക്രമവുമാണുണ്ടായത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും ആഷിക് അബു ആവശ്യപ്പെട്ടു.