പ്രമേഹരോഗികൾ ജാഗ്രത; കനത്തചൂടിൽ ഇൻസുലിൻ ഫലിച്ചേക്കില്ല
കുപ്പിതുറക്കാത്ത ഇൻസുലിന് രണ്ടുമുതുൽ എട്ടുവരെ ഡിഗ്രി സെൽഷ്യസ് താപനിലയാണു സാധാരണയായി വേണ്ടത്. തുറന്നവയ്ക്കു രണ്ടുമുതൽ 30 വരെ ഡിഗ്രി സെൽഷ്യസും ആവശ്യമാണ്.
തിരുവനന്തപുരം: ഇൻസുലിൻ കൃത്യമായി എടുത്തിട്ടും ഭക്ഷണകാര്യങ്ങൾ ശ്രദ്ധിച്ചിട്ടും പ്രമേഹത്തിനു കുറവില്ലെങ്കിൽ സൂക്ഷിക്കുക, ഇവിടെ വില്ലൻ കനത്ത ചൂടാകാം. ആറുവർഷമായി പ്രമേഹത്തിന് ഇൻസുലിനെടുക്കുന്ന വീട്ടമ്മ കഴിഞ്ഞദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ഈ വിവരം ശ്രദ്ധിക്കുന്നത്. രോഗിയെയും അവരുപയോഗിച്ച ഇൻസുലിനും അതു സൂക്ഷിച്ച സാഹചര്യവും ഡോക്ടർമാർ പരിശോധിച്ചപ്പോൾ കനത്തചൂടുമൂലം ഇൻസുലിൻ മോശമായതാണ് പ്രമേഹനിയന്ത്രണം താളംതെറ്റാൻ കാരണമെന്നു കണ്ടെത്തി. കുപ്പിതുറക്കാത്ത ഇൻസുലിൻ ഫ്രിഡ്ജിൽ (ഫ്രീസറിലൊഴികെ) സൂക്ഷിക്കണമെന്നും തുറന്നവ മുറിയിൽ സൂക്ഷിച്ചാൽ മതിയെന്നുമാണ് ഇതുവരെ ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ, ചൂട് കുത്തനെ കൂടിയതോടെ തുറന്ന ഇൻസുലിനും ഫ്രിഡ്ജിൽത്തന്നെ സൂക്ഷിക്കണമെന്നാണ് ഇപ്പോൾ ഡോക്ടർമാരുടെ നിർദേശം. കനത്ത ചൂടിൽ മുറിയിൽവെക്കുന്ന ഇൻസുലിന്റെ പ്രവർത്തനം കുറയുന്നതായാണു പുതിയ കണ്ടെത്തൽ.
നേരിട്ടു വെയിലേൽക്കുന്ന ജനാലയ്ക്കരികിൽ സൂക്ഷിച്ച ഇൻസുലിനാണ് ഇത്തരത്തിൽ കൂടുതലും മോശമാകുന്നത് . കുപ്പിതുറക്കാത്ത ഇൻസുലിന് രണ്ടുമുതുൽ എട്ടുവരെ ഡിഗ്രി സെൽഷ്യസ് താപനിലയാണു സാധാരണയായി വേണ്ടത്. തുറന്നവയ്ക്കു രണ്ടുമുതൽ 30 വരെ ഡിഗ്രി സെൽഷ്യസും ആവശ്യമാണ്. എന്നാൽ, കേരളത്തിൽ ചൂട്പ കനത്തതോടെ പലയിടത്തും മുറിക്കുള്ളിലെ താപനില 30 -നു മുകളിലായി. ഇങ്ങനെ ഇൻസുലിന്റെ പ്രവർത്തന ക്ഷമത കുറയാനും തുടങ്ങി. അതുകൊണ്ട് ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഉപയോഗിച്ചുതുടങ്ങിയ ഇൻസുലിനും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു. കാറിൽ വെച്ചാൽ ഇൻസുലിൻപേന മോശമാകും എന്നതാണ് മറ്റൊരു കണ്ടെത്തൽ. പ്രമേഹം നിയന്ത്രിക്കാനാകുന്നില്ലെന്നു പറഞ്ഞ് ഇൻസുലിൻപേന ഉപയോഗിക്കുന്ന ബാങ്കുദ്യോഗസ്ഥൻ അടുത്തിടെ ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അന്വേഷണത്തിനൊടുവിൽ കാറിന്റെ ഡാഷ് ബോർഡിലാണ് അദ്ദേഹം ഇൻസുലിൻപേന സൂക്ഷിക്കുന്നതെന്നു മനസ്സിലായി. ചൂടുകൂടിയ ഇടമായതിനാൽ ഇൻസുലിൻപേന സൂക്ഷിക്കാൻ ഡാഷ് ബോർഡ് സുരക്ഷിതമല്ലെന്നും കണ്ടെത്തി. ചൂടുകാലത്ത് ഇൻസുലിൻപേനയും ഫ്രിഡ്ജിൽത്തന്നെ സൂക്ഷിക്കണമെന്നാണു ഡോക്ടർമാർ പറയുന്നത്.