അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ശുപാര്‍ശ ചെയ്ത് ഡിജിപി | dgp shaik darvesh saheb ips proposes vigilance investigation against adgp mr ajith kumar Malayalam news - Malayalam Tv9

ADGP MR Ajith Kumar: അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ശുപാര്‍ശ ചെയ്ത് ഡിജിപി

Published: 

12 Sep 2024 08:10 AM

Vigilance Investigation Against MR Ajith Kumar: അന്വേഷണത്തിന് ഉത്തരവായാല്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടായിരിക്കും കേസ് അന്വേഷിക്കുക. കൂടാതെ അന്‍വര്‍ ഉന്നയിച്ച മറ്റ് ആരോപണങ്ങളിലുള്ള അന്വേഷണത്തില്‍ അജിത് കുമാറില്‍ നിന്ന് മൊഴി എടുക്കാനായി ഡിജിപി നോട്ടീസ് നല്‍കും.

ADGP MR Ajith Kumar: അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ശുപാര്‍ശ ചെയ്ത് ഡിജിപി

എഡിജിപി എം.ആർ.അജിത് കുമാർ (Image Courtesy: Ajith Kumar's Facebook)

Follow Us On

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ (ADGP MR Ajith Kumar)  വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ്. പിവി അന്‍വര്‍ ഉയര്‍ത്തിയ അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പടെയുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം എന്നിവ ഉള്‍പ്പെടെ അഞ്ച് കാര്യങ്ങളിലാണ് പിവി അന്‍വര്‍ മൊഴി നല്‍കിയത്. ഡിജിപി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ വിജിലന്‍സിന് എത്രയും വേഗം കൈമാറാനാണ് സാധ്യത.

അന്വേഷണത്തിന് ഉത്തരവായാല്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടായിരിക്കും കേസ് അന്വേഷിക്കുക. കൂടാതെ അന്‍വര്‍ ഉന്നയിച്ച മറ്റ് ആരോപണങ്ങളിലുള്ള അന്വേഷണത്തില്‍ അജിത് കുമാറില്‍ നിന്ന് മൊഴി എടുക്കാനായി ഡിജിപി നോട്ടീസ് നല്‍കും.

Also Read: M R Ajithkumar: വിശ്വസ്തനെ ‘കെെ’വിടാതെ മുഖ്യമന്ത്രി, എഡിജിപിക്കെതിരെ നടപടിയില്ല

അതേസമയം, എല്‍ഡിഎഫ് ഘടകക്ഷികളുടെ സമ്മര്‍ദത്തെ തള്ളി എംആര്‍ അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അജിത് കുമാറിനെതിരെയുള്ള അന്വേഷണം തുടരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മുന്നണി യോഗത്തില്‍ സിപിഐയും എന്‍സിപിയും ആര്‍ജെഡിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിജിപി തല അന്വേഷണം തീരട്ടെയെന്നും എഡിജിപിയെ മാറ്റാന്‍ നടപടി ക്രമങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ടിപി രാമകൃഷ്ണന്‍ എല്‍ഡിഎഫ് കണ്‍വീനറായശേഷം നടന്ന ആദ്യ യോഗത്തിലായിരുന്നു ഇക്കാര്യം ചര്‍ച്ചയായത്.

യോഗം ആരംഭിക്കുന്നതിന് മുമ്പായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുന്നണി യോഗത്തിന് മുമ്പ് സിപിഎം-സിപിഐ നേതാക്കളും കൂടിക്കാഴ്ച നടത്തി. ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നായിരുന്നു സിപിഐയുടെ നിലപാട്. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഗൗരവതരമെന്ന് എന്‍സിപി അധ്യക്ഷന്‍ പിസി ചാക്കോ പറഞ്ഞു. ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപിയെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആര്‍ജെഡിയും ആവശ്യപ്പെട്ടു. ഇടത് സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ചേരുന്നതല്ല എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ചയെന്ന് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

എന്നാല്‍ ചുമതലയില്‍ നിന്ന് മാറ്റാന്‍ നടപടി ക്രമം പാലിക്കേണ്ടതുണ്ടെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിന്റെ പ്രതികരണം. ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയായതിന് ശേഷം ആവശ്യമെങ്കില്‍ നടപടിയെടുക്കാമെന്നാണ് സിപിഎം സ്വീകരിച്ച നിലപാട്.

അതേസമയം, നാല് ദിവസം അവധിയെടുക്കാനുള്ള തീരുമാനം എഡിജിപി പിന്‍വലിച്ചിരുന്നു. സ്വകാര്യ ആവശ്യം ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 14 മുതല്‍ സെപ്റ്റംബര്‍ 18 വരെ അവധിയെടുക്കാനുള്ള തീരുമാനമാണ് എഡിജിപി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് അജിത് കുമാര്‍ അവധി പിന്‍വലിച്ചത്. എന്നാല്‍ അജിത് കുമാര്‍ അവധിയെടുക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ചിരുന്നു. നാല് ദിവസത്തെ അവധി നീട്ടിയെടുക്കാനുള്ള എഡിജിപിയുടെ ആവശ്യം ആഭ്യന്തര വകുപ്പ് നേരത്തെ തള്ളിയിരുന്നു.

അതേസമയം, പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോര്‍ട്ട് തേടി. ആരോപണം ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. എഡിജിപി എംആര്‍ അജിത് കുമാറിന്റെ നിര്‍ദേശ പ്രകാരം മന്ത്രിമാര്‍ അടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയെന്നായിരുന്നു പിവി അന്‍വറിന്റെ ആരോപണം. കുറ്റക്കാരെ കണ്ടെത്താനായി താനും ഫോണ്‍ ചോര്‍ത്തിയെന്നാണ് അന്‍വര്‍ തുറന്ന് പറഞ്ഞിരുന്നത്.

Also Read: PV Anwar: ഫോൺ ചോർത്തൽ ആരോപണം; മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ

ആരോപണത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിലുള്ള ബന്ധം വ്യക്തമാണ്. സ്വന്തമായി ഫോണ്‍ ചോര്‍ത്തിയെന്ന എംഎല്‍എയുടെ തുറന്നുപറച്ചില്‍ ഗൗരവത്തോടെ കാണണമെന്നും രാജ്ഭവന്‍ അയച്ച കത്തില്‍ പറയുന്നു.

പുറത്തുവന്ന ഓഡിയോ സന്ദേശം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനലുകളുമായുള്ള ബന്ധം ഉറപ്പാക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള അധികൃതരുടെ ഫോണ്‍ ചോര്‍ത്തുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാര്‍ഗ നിര്‍ദേശങ്ങളുടെയും ലംഘനമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related Stories
Arjun Rescue Mision: അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജർ ഇന്നെത്തിക്കും, ഉറപ്പിക്കാൻ 5 മണിക്കൂ‌‍ർ
Wayanad Landslide: ആശുപത്രി കിടക്കയില്‍ ശ്രുതിക്ക് ഒരൊറ്റ ആഗ്രഹം; സാധിച്ചുകൊടുത്ത് എംഎല്‍എ
ADGP M R Ajith Kumar: ഒടുവിൽ വിജിലൻസ് അന്വേഷണം; എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Man Kills Wife: കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; മരുമകളെ വിളിച്ച് പറഞ്ഞ് പോലീസിൽ കീഴടങ്ങി
EY Employee Death : ‘അതിയായ ദുഃഖം; ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തും’; അന്നയുടെ മരണത്തിൽ പ്രതികരിച്ച് കമ്പനി
EY Employee Death : ‘എൻ്റെ മോൾ ഒരിക്കലും നോ പറയില്ല, അത് അവർ മുതലെടുത്തു’; ഇവൈ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ പിതാവ്
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version