റെഡിമെയ്ഡ് വസ്ത്ര വിപണിയിൽ ഇടിവ് ; കാരണങ്ങളിൽ ആഗോളമാന്ദ്യം, യുക്രൈൻ യുദ്ധവും ഉൾപ്പെടുന്നതായി വിദഗ്‌ധർ
കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ നിന്ന് 14,532.18 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ റെഡിമെയ്ഡ് വസ്ത്രങ്ങൾ മാത്രമാണ് കയറ്റുമതിചെയ്യപ്പെട്ടത്.
തിരുപ്പൂർ: ഈ സാമ്പത്തികവർഷത്തിൽ രാജ്യത്തുനിന്നുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ അനുസരിച്ച് മുൻ സാമ്പത്തികവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 10.25 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത് എന്നാണ് കണക്ക്. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ നിന്ന് 14,532.18 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ റെഡിമെയ്ഡ് വസ്ത്രങ്ങൾ മാത്രമാണ് കയറ്റുമതിചെയ്യപ്പെട്ടത്. 2022-23-ൽ ഇത് 16,190.97 ദശലക്ഷം അമേരിക്കൻ ഡോളറായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലും മാത്രമാണ് കയറ്റുമതിയിൽ വർധന ഉണ്ടായിട്ടുള്ളത്. ബാക്കി 10 മാസവും ഇടിവായിരുന്നു. ആഗോളമാന്ദ്യം, യുക്രൈൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ വിപണികളിലുണ്ടായ പണപ്പെരുപ്പം എന്നിവ മോശംപ്രകടനത്തിനുള്ള കാരണങ്ങളായി വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.
ഇസ്രയേൽ-ഇറാൻ മേഖലയിൽ ഉടലെടുത്തിരിക്കുന്ന അശാന്തികാര്യങ്ങൾ കൂടുതൽ വഷളാക്കുന്നുണ്ടെന്നും പ്രധാന മേഖലകളിൽ സമാധാനമുണ്ടാകുമ്പോൾ മാത്രമേ ആഗോളവിപണി ഉയരുകയുള്ളൂ എന്നും തിരുപ്പൂർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ് രാജാഷൺമുഖം ചൂണ്ടിക്കാട്ടി. വസ്ത്ര നിർമാണത്തിൽ ചെറുകിട -ഇടത്തരം സംരംഭങ്ങൾ ആധിപത്യം പുലർത്തുന്നതിനാൽ, ആഗോള പ്രതിസന്ധിയുടെ ഈ സമയത്ത് അത്തരം യൂണിറ്റുകളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ സഹായ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.