DCC Treasurer Suicide: ഡിസിസി ട്രെഷററുടെ ആത്മഹത്യ; കേസെടുത്തതിന് പിന്നാലെ പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ്, മുൻകൂർ ജാമ്യത്തിന് ശ്രമം
DCC Treasurer Suicide Case: സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, ഡിസിസി മുൻ ട്രഷറർ കെ കെ ഗോപിനാഥൻ എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
സുൽത്താൻ ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട മുൻ നേതാക്കൾ മുൻകൂർ ജാമ്യത്തിനായുള്ള ശ്രമത്തിൽ. സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, ഡിസിസി മുൻ ട്രഷറർ കെ കെ ഗോപിനാഥൻ എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയിലും, കെകെ ഗോപിനാഥൻ ഹൈകോടതിയെയും ആണ് സമീപിച്ചത്.
ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയിൽ എംഎൽഎ ഐ സി ബാലകൃഷ്ണനെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് ഒന്നാം പ്രതിയാക്കിയും, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെ രണ്ടാം പ്രതിയാക്കിയും, ഡിസിസി മുൻ ട്രഷറർ കെ കെ ഗോപിനാഥിനെ മൂന്നാം പ്രതിയാക്കിയും ആണ് പൊലീസ് കേസെടുത്തത്. അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രൻ ആയിരുന്നു കേസിലെ നാലാം പ്രതി.
എംഎൽഎ ഓഫീസിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ഐ സി ബാലകൃഷ്ണൻ നിലവിൽ തിരുവനന്തപുരത്ത് ഉണ്ട്. മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച ആയിരിക്കും കോടതി പരിഗണിക്കുക. എംഎൽഎ ഉൾപ്പടെ ഉള്ള മൂന്ന് പ്രതികളുടെയും അറസ്റ്റ് അടക്കമുള്ള തുടർ നടപടികൾ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ALSO READ: മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു
ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ നേരത്തെ പൊലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. അർബൺ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ വിശദീകരിച്ച് വിജയൻ കെപിസിസി നേതൃത്വത്തിന് കത്തെഴുതിയിരുന്നു. ഇതിൽ എംഎൽഎ ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരുടെ പേര് പരാമർശിച്ചിരുന്നു. മാനസികാഘാതം കാരണം താൻ മരണപ്പെട്ടാൽ അതിന് ഉത്തരവാദികൾ ഇവർ ആണെന്നും, മക്കൾക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടത്തിന്റെ പൂർണ ഉത്തരവാദിത്തവും അവർക്ക് തന്നെ ആയിരിക്കുമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
അതേസമയം, വിജയൻ കെ.പി.സി.സിക്ക് എഴുതിയ കത്തിലെയും മകന് എഴുതിവെച്ച കത്തിലെയും കൈപ്പടകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ, കഴിഞ്ഞ ദിവസം വിജയന്റെയും മകൻ ജിജേഷിന്റെയും മൊബൈൽ ഫോണുകൾ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോണുകൾ പരിശോധിച്ച് വരികയാണ്.