Asna Cyclone: അറബിക്കടലില്‍ ‘അസ്‌ന’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തമാകുന്നു
Rain Alert: രഞ്ജിത്ത് സാഗര്‍ ഡാം നിറഞ്ഞുകവിഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പല സ്ഥലങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. പ്രളയം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് 17,800 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഗുജറാത്തിന് മുകളില്‍ സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമര്‍ദം അസ്ന ചുഴലിക്കാറ്റായി. അമേരിക്കന്‍ നാവിക സേനയുടെ ജോയിന്റ് ടൈഫൂണ്‍ വാണിങ് സെന്റര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാറ്റിന്റെ വേഗത ഇന്ന് പുലര്‍ച്ചെ 5.30ന് 65 കിലോമീറ്റര്‍ ആയതിനാലാണ് ചുഴലിക്കാറ്റ് സ്ഥിരീകരണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഒമാന്‍ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. ഗുജറാത്തിലുണ്ടായ കനത്തമഴയില്‍ ഇതുവരെ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സംസ്ഥാനത്തെ 140 ഓളം ഡാമുകളും നിറഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.
രഞ്ജിത്ത് സാഗര്‍ ഡാം നിറഞ്ഞുകവിഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പല സ്ഥലങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. പ്രളയം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് 17,800 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെയും അറബിക്കടലിലെ ന്യൂനമര്‍ദപാത്തിയുടെയും സ്വാധീനഫലമായി കേരള തീരത്ത് കാലവര്‍ഷക്കാറ്റ് വീണ്ടും ശക്തമാകുന്നു. മണിക്കൂറില്‍ 35 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനാണ് സാധ്യത. അതിനാല്‍ തന്നെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും.
അതേസമയം, സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചതോടെ ഉരുള്‍പ്പൊട്ടലുണ്ടായ സാഹചര്യം പരിഗണിച്ച് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം ജില്ലാ ഭരണകൂടം പുറത്തിറക്കി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഇത്തരം സ്ഥലങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയാറായി ഇരിക്കണമെന്നും നിര്‍ദേശമുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെയും അറബിക്കടലിലെയും ന്യൂനമര്‍ദ്ദങ്ങള്‍ ഈ മാസം 28ന് തന്നെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. 28ന് കച്ച് മേഖലയിലാണ് ന്യൂനമര്‍ദ്ദം ഉണ്ടായിരുന്നത്. ഓഗസ്റ്റ് 29 രാവിലെയോടെ ഇത് സൗരാഷ്ട്ര കച്ച് തീരത്തിന് സമീപം വടക്ക്-കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. ഓഗസ്റ്റ് 29ഓടെ മധ്യ കിഴക്കന്‍ അല്ലെങ്കില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ട്, വടക്കന്‍ ആന്ധ്രാ പ്രദേശ് തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 30ന് അതിശക്തമായ മഴയ്ക്കും സെപ്റ്റംബര്‍ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിലും കര്‍ണാടക തീരത്തും ഓഗസ്റ്റ് 31 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.