കെ കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: കോഴിക്കോട് സ്വദേശിയ്ക്കെതിരെ കേസെടുത്തു
നേരത്തെ ന്യൂമാഹി പൊലീസ് ലീഗ് പ്രവർത്തകനെതിരെയും കേസെടുത്തിരുന്നു. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് ന്യൂമാഹി പൊലീസ് കേസെടുത്തത്.
കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയ്ക്കെതിരെ അശ്ലീല പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച സംഭവത്തിൽ കേസെടുത്ത് മട്ടന്നൂർ പൊലീസ്. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. കെ കെ ശൈലജ നൽകിയ പരാതിയിൽ ഒടുവിൽ കേസെടുത്തത്. പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസിൽ പരാതി നൽകിയത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലെ പരാമർശം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേർത്തിട്ടുണ്ട്.
നേരത്തെ ന്യൂമാഹി പൊലീസ് ലീഗ് പ്രവർത്തകനെതിരെയും കേസെടുത്തിരുന്നു. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് ന്യൂമാഹി പൊലീസ് കേസെടുത്തത്. ശൈലജക്കെതിരെ മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് അംഗവുമായ ഇസ്ലാമിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. മുസ്ലിം സമുദായത്തെ ആകെ അധിക്ഷേപിക്കുന്ന വിധത്തിൽ ശൈലജയുടെ പേരിൽ ഇയാൾ വ്യാജ സന്ദേശം പ്രചരിപ്പിച്ചു, കലാപാഹ്വാനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ.
കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ കോൺഗ്രസിനെതിരേ വിമർശനവുമായി മന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. പുരോഗമന സമൂഹത്തിന് നിരക്കാത്ത ഇത്തരം ചെയ്തികളിൽ നിന്ന് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കാതിരുന്നതിനാലാണ് തുടർച്ചയായ അശ്ലീല സൈബർ ആക്രമണങ്ങൾ അണികൾ അഴിച്ചുവിടുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു. ശൈലജയെ മോശം വാക്കുകൾ കൊണ്ട് തേജോവധം ചെയ്യുകയാണ് കോൺഗ്രസ് പ്രവർത്തകർ. ഇതിനെ അതിശക്തമായി അപലപിക്കുന്നു. വിഷയത്തിൽ കേരളത്തിലെ മുഴുവനാളുകളും ടീച്ചർക്കൊപ്പം നിലകൊള്ളുമെന്നും കോൺഗ്രസിന്റെ സൈബർ അശ്ലീലസംഘത്തെ ഒറ്റപ്പെടുത്തുമെന്നും മന്ത്രി രാജീവ് പറഞ്ഞു.