Arjun Rescue Operation: സൈബര്‍ ആക്രമണം; അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു
Cyber Attack Against Arjun's Family: അര്‍ജുനെ കണ്ടെത്തുന്നതിനായി സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ദിവസം നടത്തിയ പരാമര്‍ശങ്ങളാണ് വളച്ചൊടിക്കപ്പെട്ടത്. അര്‍ജുന്റെ അമ്മയുടെ പിതാവ് പട്ടാളക്കാരനായിരുന്നു. അതിനാല്‍ അന്നത്തെ തിരച്ചിലിനെ സംബന്ധിച്ച് കുടുംബം ചില ആശങ്കകള്‍ രേഖപ്പെടുത്തിയിരുന്നു.
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രാഥമിക അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. കുടുംബം നല്‍കിയ പരാതിയില്‍ രണ്ട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഈ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചാരണം നടക്കുന്നുവെന്നാണ് അര്‍ജുന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. കുടുംബം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്താണ് പ്രചാരണം നടക്കുന്നത്. ഈ രണ്ട് അക്കൗണ്ടുകള്‍ക്ക് പുറമെ ചില യൂട്യൂബ് ചാനലുകളില്‍ നിന്നും അധിക്ഷേപകരമായ വാര്‍ത്തകള്‍ പുറത്തുവന്നുവെന്ന് പരാതിയില്‍ പറയുന്നു.
അര്‍ജുനെ കണ്ടെത്തുന്നതിനായി സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ദിവസം നടത്തിയ പരാമര്‍ശങ്ങളാണ് വളച്ചൊടിക്കപ്പെട്ടത്. അര്‍ജുന്റെ അമ്മയുടെ പിതാവ് പട്ടാളക്കാരനായിരുന്നു. അതിനാല്‍ അന്നത്തെ തിരച്ചിലിനെ സംബന്ധിച്ച് കുടുംബം ചില ആശങ്കകള്‍ രേഖപ്പെടുത്തിയിരുന്നു. അര്‍ജുന്റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്താണ് വ്യാജ വീഡിയോകളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നതെന്നാണ് കുടുംബം പറയുന്നത്.
അതേസമയം, ഗംഗാവലി നദിയില്‍ നിന്ന് അര്‍ജുന്റെ ലോറി കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തില്‍. ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. നദിയോട് ചേര്‍ന്ന് ഡ്രോണ്‍ പറത്തിയാണ് നിരീക്ഷണം നടത്തുന്നുകൊണ്ടിരിക്കുന്നത്. പുഴയ്ക്കടിയിലെ ട്രക്കിന്റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമാകുമെന്നാണ് സൂചന. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന നല്‍കുന്ന വിവരം. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍ ദൗത്യം ഇനിയും നീളാനാണ് സാധ്യത.
ട്രക്ക് കണ്ടെത്താന്‍ രാവിലെ പുഴയില്‍ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് വെള്ളത്തിലേയ്ക്ക് ഇറങ്ങാന്‍ സാധിച്ചില്ല. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവികസേന ഡൈവര്‍മാരമാണ് ആദ്യഘട്ട പരിശോധന നടത്തിയിരുന്നത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്. സ്റ്റീല്‍ ഹുക്ക് താഴേക്ക് ഇട്ട് ലോറിയില്‍ കൊളുത്താന്‍ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളതെന്നും നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീല്‍ ഹുക്കുകള്‍ എത്തിക്കാന്‍ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല എന്നും സേന പറഞ്ഞു.
പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിയില്‍ അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ ജൂലായ് 16ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. തടിലോഡുമായി വന്ന അര്‍ജുന്റെ ലോറിയും മണ്ണിടിച്ചിലില്‍ കാണാതാവുകയായിരുന്നു. സമീപത്തെ ചായക്കടയും മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. ഉടമയും ഭാര്യയും കുഞ്ഞുങ്ങളും ജോലിക്കാരുമുള്‍പ്പെടുന്നവരുെ മൃതദേഹം പിന്നീട് കിട്ടിയിരുന്നു. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയാണ് കാണാതായ അര്‍ജുന്‍.