Gold Seized: വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ഒരു കോടി രൂപയുടെ സ്വർണം; തിരുവനന്തപുരത്ത് രണ്ട് യാത്രക്കാർ കസ്റ്റംസ് പിടിയിൽ
Customs Seize Gold at Trivandrum Airport: തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗമാണ് യാത്രക്കാരെ പരിശോധിച്ചതും പിടികൂടിയതും.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത് ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ചിരുന്ന നിലയിൽ നാല് സ്വർണ കാപ്സ്യൂളുകളും കണ്ടെടുത്തു.
1063.37 ഗ്രാം തൂക്കം വരുന്ന പൊടിയാക്കിയ സ്വർണം മറ്റ് ചില വസ്തുക്കളോടൊപ്പം കൂട്ടിച്ചേർത്താണ് ഗുളികയുടെ ഉള്ളിൽ നിറച്ചിരിക്കുന്നത്. ഇതിൽ നിന്ന് ഏകദേശം 86.2 ലക്ഷം രൂപ വില വരുന്ന 992.6 ഗ്രാം തൂക്കമുള്ള സ്വർണം വേർതിരിച്ചെടുത്തു.
ALSO READ: ക്രിസ്മസ് പരീക്ഷാപേപ്പർ ചോർത്തിനൽകിയത് സ്കൂളിലെ പ്യൂൺ; എംഎസ് സൊല്യൂഷൻസിൻ്റെ വാദങ്ങൾ പൊളിയുന്നു
ഇതിന് പുറമെ ബുധനാഴ്ച പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രക്കാരനിൽ നിന്ന് 407.13 ഗ്രാം തൂക്കം വരുന്നതും 35.62 ലക്ഷം വില വരുന്നതുമായ നാല് സ്വർണ ബാറുകളും കണ്ടെടുത്തു. ഇയാൾ ധരിച്ചിരുന്ന ജീൻസ് പാന്റിന്റെ ഇടുപ്പുഭാഗത്ത് നിർമിച്ച ഒരു പ്രത്യേക അറയിൽ വെച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗമാണ് യാത്രക്കാരെ പരിശോധിച്ചതും പിടികൂടിയതും. ഇവർക്കെതിരെ കസ്റ്റംസ് കേസെടുത്തു.