MV Govindan: അന്വേഷണമില്ല, പി ശശി ‘സേഫ്’; അൻവർ പരാതി തന്നിട്ടില്ലെന്ന് എം വി ഗോവിന്ദൻ
MV Govindan: അൻവർ ഇങ്ങനെ ആയിരുന്നില്ല പരാതി ഉന്നയിക്കേണ്ടിയിരുന്നതെന്നും അൻവറിന്റെ വെളിപ്പെടുത്തൽ കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കിയെന്നും എം.വി ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ നടപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. നേതൃത്വത്തിന് പിവി അൻവർ നൽകിയ പരാതിയിൽ പി ശശിയെ കുറിച്ച് പറയുന്നില്ല. നിലവിൽ അതുകൊണ്ട് നടപടിയേടുക്കേണ്ട സാഹചര്യമില്ലെന്നും പരാതി ലഭിച്ചാൽ പാർട്ടി പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. പി.വി അൻവർ പരാതി ഉന്നയിക്കേണ്ടിയിരുന്നത് ഇങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
അൻവർ നൽകിയ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചുള്ളതാണ്. അതുകൊണ്ട് അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണ്. അൻവർ നൽകിയ പരാതി പരിശോധിച്ച് ഡിഐജി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുജിത് ദാസിനെ സസ്പെന്റ് ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാർ ഭരണ തലത്തിൽ പരിശോധന നടത്താനായി ഡിജിപി നേതൃത്വം നൽകുന്ന സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പ്രതിപക്ഷം രാഷ്ട്രീയ നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. അതിന് മാധ്യമങ്ങൾ പിന്തുണ നൽകുന്നു. സംസ്ഥാനത്ത് ഏത് പ്രശ്നം ഉയർന്നാലും മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ അതിനെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ യൂത്ത് കോൺഗ്രസ് സമരം, ഇന്ന് കോൺഗ്രസ് സമരവും നടത്തി. കെ സുധാകരൻ ഉന്നയിച്ച ഭീഷണി ഡിവൈഎഫ്ഐ നേതാവാണ് നടത്തിയതെങ്കിൽ അത് വലിയ തോതിൽ ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ ഇന്നും സുധാകരൻ പറഞ്ഞത് വാർത്തയാക്കിയില്ല. അൻവറിൻ്റെ പരാതി ഇപ്പോൾ ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ നേരത്തെ അൻവറിനെ കുറിച്ച് പറഞ്ഞത് എന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ പ്രതിപക്ഷം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിന് മാധ്യമങ്ങൾ പിന്തുണ നൽകുകയാണ്. കോൺഗ്രസിൽ പരാതി പരിശോധിച്ച് നടപടിയെടുക്കുന്ന രീതിയില്ല. എന്ത് ചർച്ചയുടെ അടിസ്ഥാനത്തിലാണ് വനിതാ നേതാവ് സിമി റോസ്ബെല്ലിനെ കോൺഗ്രസ് പുറത്താക്കിയതെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകൾക്കെതിരെ ഈ നിലപാട് സ്വീകരിക്കുന്നവരാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പേരിൽ തെരുവിലിറങ്ങുന്നതെന്നും സംസ്ഥാന സെക്രട്ടറി പരിഹസിച്ചു.
രാജ്യത്ത് ഹേമ കമ്മിറ്റി റിപ്പോർട്ടിന് വലിയ അംഗീകാരമാണ് ലഭിക്കുന്നത്. ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു സമിതി വേണമെന്ന ആവശ്യം പല സംസ്ഥാനങ്ങളിലും ഉയർന്നിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 12-ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാതികൾ പരിശോധിക്കുന്നതിനായി ഹെെക്കോടതിയിൽ വനിതാ ജഡ്ജ് ഉൾപ്പെടെയുള്ള പ്രത്യേക ബെഞ്ച് രൂപീകരിച്ചതിനെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
തൃശൂർ പൂരത്തെ കുറിച്ചുള്ള ആരോപണങ്ങൾക്ക് നേരത്തെ തന്നെ മറുപടി നൽകിയതാണ്. ഏതെങ്കിലും എഡിജിപിയെ കൂട്ടുപിടിച്ച് ആർഎസ്എസും ബിജെപിയുമായി സിപിഎമ്മിന് ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല. ബിജെപിയുമായി സിപിഎം ധാരണയുണ്ടാക്കി എന്നത് കെട്ടുക്കഥയാണ്. വ്യാജ വാർത്ത സൃഷ്ടിച്ച മാധ്യമങ്ങൾ അത് പ്രതിപക്ഷ നേതാവിലൂടെ ഉന്നയിക്കുകയാണ്. തൃശൂരിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.