സിപിഎം ദേശീയ നേതാക്കളും ഇന്ന് മുതൽ കേരളത്തിൽ; വിവിധ മണ്ഡലങ്ങളിൽ പൊതുയോഗം
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പാർട്ടി പോളിറ്റ് ബ്യുറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, തപൻ സെൻ, സുഭാഷിണി അലി, പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജൂ കൃഷ്ണൻ എന്നിവർ വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും.
തിരുവനന്തപുരം: സിപിഎം ദേശീയ നേതാക്കൾ ഇന്ന് മുതൽ കേരളത്തിൽ. ഏപ്രിൽ 23 വരെ സംസ്ഥാനത്തെ വിവിധ തിരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളിൽ പങ്കെടുക്കാനായാണ് ഇവർ എത്തുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പാർട്ടി പോളിറ്റ് ബ്യുറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, തപൻ സെൻ, സുഭാഷിണി അലി, പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജൂ കൃഷ്ണൻ എന്നിവർ വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. എം എ ബേബി, എം വി ഗോവിന്ദൻ മാസ്റ്റർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ മണ്ഡല പര്യടനത്തിന് പുറമേയാണ് പാർട്ടി ദേശീയ നേതാക്കളെ കൂടെ എത്തിച്ച് സിപിഎം പ്രചരണം ശക്തിപ്പെടുത്തുന്നത്.
അതേസമയം, രാഹുൽ ഗാന്ധിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഇന്ന് കേരളത്തിലുണ്ട്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തുന്നത്. രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആട്സ് ആൻഡ് സയൻസ് കോളേജിൽ ഹെലികോപ്റ്ററിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയിൽ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളിൽ റോഡ് ഷോ നടത്തും. പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ രാഹുൽ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുൽ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ന് കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുണ്ട്. ഇന്നലെ രാത്രിയോടെ പ്രധാനമന്ത്രി കൊച്ചിയിലെത്തിയിരുന്നു. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. രാവിലെ ഒമ്പത് മണിയോടെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ഇവിടെ നിന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് മോദി പോകും. ഈ വർഷം ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്.