G Sudhakaran: സിനിമാ താരങ്ങളുടേത് ഓവർ നാട്യം; മൂല്യമുള്ള സിനിമകൾ ഇറങ്ങുന്നില്ലെന്ന വിമർശനവുമായി ജി സുധാകരൻ
Sudhakaran Critizies Malayalam Cinema: കൂട്ടായി ഒരു തെറ്റ് പറഞ്ഞാലും തെറ്റാണെന്ന് പറയാൻ പാടില്ല. തെറ്റ് ശരിയായി തന്നെ ഇന്നത്തെ സമൂഹത്തിൽ പോയിക്കൊണ്ടിരിക്കും. അതിനിശിതമായ സാമൂഹ്യ വിമർശനത്തിലൂടെയല്ലാതെ ഈ കേരളം നന്നാകാൻ പോകുന്നില്ലെന്നും ജി സുധാകരൻ വിമർശിച്ചു.
കൊച്ചി: പുതുതലമുറ സിനിമകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. ഇന്നത്തെ സിനിമകൾ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ലെന്ന് ജി സുധാകരൻ പറഞ്ഞു. സിനിമാ താരങ്ങളുടെ ഓവർ നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നതെന്നും മൂല്യമേറിയ സിനിമകൾ ഇറങ്ങുന്നില്ലെന്നും സുധാകരൻ വിമർശിച്ചു. റിലീസ് ചെയ്യുന്ന സിനിമകൾ വെള്ളമടിയോടെയാണ് ആരംഭിക്കുന്നതെന്നും വിമർശനം.
ഇന്നത്തെ സിനിമകളോന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ല. സിനിമാ താരങ്ങളുടെ തങ്ങൾ മഹതികളും മഹാന്മാരുമാണെന്നുള്ള നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധക വൃന്ദങ്ങളും മൂല്യ രഹിതമായിട്ടാണ് നടക്കുന്നത്. മൂല്യാനുസൃതമായിട്ട് ഒന്നുമില്ല. ഒന്നാന്തരം സിനിമകൾ ഇറങ്ങിയ നാട് അല്ലായിരുന്നോ കേരളത്തിലെ മലയാള സിനിമ. എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടെയാണ്. നായകനും കൂട്ടുകാരുമെല്ലാം വെള്ളമടിക്കുന്നു. അങ്ങനെയാണ് മിക്ക സിനിമയും തുടങ്ങുന്നതെന്നും ജി സുധാകരൻ വിമർശിച്ചു.
ഇതൊരു സാധാരണ ജീവിതക്രമമാക്കി മാറ്റിയിരിക്കുന്നത്. നമ്മുടെ ചെറുപ്പക്കാർ വെള്ളമടിക്കുമ്പോൾ അവരെ എന്തിനാണ് പൊലീസ് പിടിക്കുന്നത്? സിനിമാ നടന്മാരെ പിടിച്ചൂടെ. സിനിമയിൽ വെള്ളമടിച്ച് തുടങ്ങുന്ന സീനിനൊക്കെ എങ്ങനെയാണ് അംഗീകാരം കൊടുക്കുന്നത്. എന്ത് മെസ്സേജാണ് ഇതിലൂടെ മുന്നോട്ട് പോകുന്നത്. മദ്യപാനം ആഘോഷമാക്കുകയാണ്. യൂറോപ്യൻ സിനിമകളിൽ എവിടെയെങ്കിലും മദ്യപാനം ആഘോഷമാകുന്നത് കണ്ടിട്ടുണ്ടോ? അവർ സ്ഥിരമായി മദ്യപിക്കുന്നവരാണ്. തണുപ്പായതിനാൽ അവർക്കിത് കുടിച്ചേ പറ്റൂ. നമ്മൾ പച്ചവെള്ളം കുടിക്കുന്നത് പോലെയാണ് അവർക്ക് അത്. ജി സുധാകരൻ പറഞ്ഞു.
സമൂഹത്തിന്റെ ഇന്നത്തെ ചിന്താഗതിയും മാറിമറിഞ്ഞെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഭിപ്രായം തുറന്നുപറയുന്നവരെ ഭയപ്പെടുന്ന ഒരു സമൂഹം
സമൂഹം വളർന്നു വരികയാണ്. അഭിപ്രായം പറയാൻ പാടില്ലെന്നാണ് നിലവിലെ സ്ഥിതി. കൂട്ടായി ഒരു തെറ്റ് പറഞ്ഞാലും തെറ്റാണെന്ന് പറയാൻ പാടില്ല. തെറ്റ് ശരിയായി തന്നെ ഇന്നത്തെ സമൂഹത്തിൽ പോയിക്കൊണ്ടിരിക്കും. അതിനിശിതമായ സാമൂഹ്യ വിമർശനത്തിലൂടെയല്ലാതെ ഈ കേരളം നന്നാകാൻ പോകുന്നില്ലെന്നും ജി സുധാകരൻ വിമർശിച്ചു.
2024 മലയാള സിനിമയുടെ സുവർണ വർഷമായിരുന്നു. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഭാവങ്ങളിൽ അത് പ്രേക്ഷക മനസുകളിൽ ഇടംനേടി. 2024-ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ പലതും മറ്റ് സംസ്ഥാനങ്ങളിലും ഹിറ്റായിരുന്നു. വാഴ- ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, ആവേശം, വർഷങ്ങൾക്ക് ശേഷം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, മന്ദാകിനി, പണി, ബോഗയ്ൻവില്ല തുടങ്ങി നിരവധി ചിത്രങ്ങളാണ് മിനി സ്ക്രീനിലൂടെ ആരാധകർക്ക് മുന്നിലെത്തിയത്. ക്രിസ്മസ് വിരുന്നായി എത്തിയ റെെഫിൽ ക്ലബ്ബും മാർക്കോയ്ക്കും വൻ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. മോഹൻലാൽ നായകനായി എത്തുന്ന ബാറോസ് 26-ന് തീയറ്ററുകളിലെത്തും.