Sujith Kodakkad : ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധേയന്‍ ! സിപിഎം യുവനേതാവിനെതിരെ പീഡനപരാതി; ഏരിയാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി പാര്‍ട്ടി
CPM kasaragod leader Sujith Kodakkad : സുജിത്തിനെതിരെ സമൂഹമാധ്യമത്തില്‍ യുവതി ആരോപണം ഉന്നയിച്ചിരുന്നു. പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയനാണ് ഇയാള്‍. പ്രത്യേകിച്ചും പുസ്തക നിരൂപണങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണ് സുജിത്ത് ചെയ്തിരുന്നത്
കാസര്‍കോട്: ലൈംഗിക പീഡന ആരോപണത്തില്‍ സിപിഎം യുവനേതാവിനെതിരെ പാര്‍ട്ടിയുടെ നടപടി.സിപിഎം ഏരിയാകമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയുമായ സുജിത് കൊടക്കാടിനെ പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. നേരത്തെ സുജിത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തി. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേർന്നാണ് നടപടി.
കഴിഞ്ഞ ദിവസം സുജിത്തിനെതിരെ സമൂഹമാധ്യമത്തില്‍ യുവതി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയനാണ് സുജിത്ത്. പ്രത്യേകിച്ചും പുസ്തക നിരൂപണങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണ് ഇയാള്‍ ചെയ്തിരുന്നത്.
സ്‌കൂളിനെതിരെ പോക്സോ കേസ്
അതേസമയം, വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം മറച്ചുവച്ചതിന് തിരുവനന്തപുരത്ത് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിനെതിരെയാണ് ഫോര്‍ട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ പ്രതിയായ അധ്യാപകന്‍ റിമാന്‍ഡിലാണ്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. അഞ്ചാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തിരുന്നതായാണ് ആരോപണം.
കൗണ്‍സിലിങിനിടെ പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അധ്യാപകനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. വിദ്യാര്‍ത്ഥിനിയുടെ ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ച പുറത്തായത്. പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
യുവാവ് പിടിയില്‍
അതിനിടെ, ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിലായി. ചിറയിന്‍കീഴ് സ്വദേശി അദ്വൈതാണ് പിടിയിലായത്. കാറില്‍ വച്ച് യുവാവ് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി വാഹനത്തില്‍ നിന്ന് ചാടി. സംഭവത്തില്‍ യുവതിക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശിനിയായ 25കാരിയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്.