സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും; ഒരു കോടി ചെലവഴിക്കാന്‍ പാടില്ല
ജില്ലാ സെക്രട്ടറി നല്‍കിയ വിശദീകരണത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി കേന്ദ്ര ഓഫീസില്‍ നിന്നാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതെന്നും അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വിട്ടുപോയെന്ന് ശ്രദ്ധയില്‍പ്പെട്ടെന്നുമാണ് പറയുന്നത്.
തൃശൂര്‍: സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും. ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ മരവിപ്പച്ചത് തുടരുമെന്ന് അറിയിച്ചത്.
പത്ത് ദിവസം മുമ്പാണ് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. ജില്ലാ സെക്രട്ടറി നല്‍കിയ വിശദീകരണത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി കേന്ദ്ര ഓഫീസില്‍ നിന്നാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതെന്നും അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വിട്ടുപോയെന്ന് ശ്രദ്ധയില്‍പ്പെട്ടെന്നുമാണ് പറയുന്നത്.
അക്കൗണ്ടില്‍ നിന്ന് നേരത്തെ ഒരു കോടി രൂപ പിന്‍വലിച്ചിരുന്നു ഇത് ചെലവഴിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ അക്കൗണ്ടിലുള്ളത് 5 കോടി പത്തുലക്ഷം രൂപയാണ്. പിന്‍വലിച്ച പണം നടപടി ക്രമങ്ങളുടെ ഭാഗമായി പിടിച്ചെടുക്കാനാണ് സാധ്യത. 1998ലാണ് അക്കൗണ്ട് തുടങ്ങിയത്.
അതേസമയം, തങ്ങള്‍ക്ക് ഒളിക്കാനൊന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും എംഎം വര്‍ഗീസ് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് പിന്‍വലിക്കുന്നത് സാധാരണയാണ്. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മുന്നേറ്റം തടയാനാണ് കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.