Driving test reform issues: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഗതാഗത വകുപ്പിനെതിരെ സിപിഎം രംഗത്ത്
driving-test-reform-issues: ഇതോടെ ജോലിക്കും വിദേശത്തേക്ക് പോകാനും കാത്തിരിക്കുന്നവരാണ് നിലവിലെ സാഹചര്യത്തിൽ ദുരിതത്തിലായത്. ഇതിനിടെ സിപിഎം ഇടപെട്ടതോടെ പ്രതിദിന ലൈസൻസ് 30 ൽ നിന്ന് 40 ആക്കി ഉയർത്തി.
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണ വിഷയത്തിൽ ഗതാഗത വകുപ്പിനെതിരേ സിപിഎം രംഗത്ത്. ഏകപക്ഷീയമായി തീരുമാനം നടപ്പാക്കരുതെന്നും ചർച്ചകളിലൂടെ പ്രശ്നം തീർക്കണമെന്നും ആവശ്യപ്പെട്ടാണ് സിപിഎം നേതാക്കൾ രംഗത്തെത്തിയത്. ആശയം നല്ലതാണെങ്കിലും അടിസ്ഥാന സൗകര്യം ഉറപ്പാക്കാതെയും മറ്റുള്ളവരോട് കൂടിയാലോചനയില്ലാതെയും പരിഷ്ക്കരണം നടപ്പാക്കാൻ ഗതാഗതവകുപ്പ് ഒരുങ്ങിയതാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നുമാണ് നേതാക്കളുടെ വാദം.
ഒരാഴ്ചയായി പ്രതിസന്ധി തുടരുമ്പോൾ ഇടപെടേണ്ട ഗതാഗതമന്ത്രി വിദേശത്താണെന്നും അവർ ആരോപിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണം വേണമെന്നതിൽ ആർക്കും എതിരഭിപ്രായമില്ല. ഒറ്റയടിക്ക് ഗതാഗതവകുപ്പ് തീരുമാനം പ്രഖ്യാപിച്ചതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. പ്രതിദിന ലൈസൻസ് 30 ആക്കി ഒറ്റയടിക്ക് കുറക്കാൻ നിർദ്ദേശം നൽകിയതാണ് ഇതിൻ ആദ്യത്തെ പ്രശ്നം. സംസ്ഥാനത്താകെ പ്രതിഷേധം കനത്തതോടെ തീരുമാനമെടുത്തില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യൂണിയനുകൾ സമരത്തിലേക്ക് നീങ്ങിയത്. ഏഴ് ദിവസമായി സ്ലോട്ട് കിട്ടിയവർ ഗ്രൗണ്ടിലെത്തി മടങ്ങുന്നുകയാണ്.
സംയുക്ത സമരസമിതിയുടെ സമരം കാരണം സംസ്ഥാനത്ത് നിർത്തി വച്ച ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നലെ പുനരാരംഭിക്കും എന്ന് പറഞ്ഞിരുന്നങ്കിലും പ്രതിഷേധക്കാർ എത്തിയതോടെ ടെസ്റ്റ് മുടങ്ങി. പൊലിസ് സംരക്ഷണയോടെ നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും നടന്നില്ല. ഡ്രൈവിങ് ടെസ്റ്റുകൾ തുടങ്ങണമെന്നുള്ള നിർദ്ദേശം നൽകിയത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ്.
സമരം ശക്തമാക്കുമെന്ന് സമര സമിതി അറിയിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ ഈ നിർദ്ദേശം എത്തയത്. അതിനാൽ തന്നെ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ സംഘർഷത്തിന് സാധ്യതയുണ്ട് എന്ന് മുമ്പേ തന്നെ റിപ്പോർട്ട് ലഭിച്ചിരുന്നു. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണം എന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്.
ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും നിർദ്ദേശമുണ്ടായിരുന്നു. കൂടാതെ പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് പുതിയ നിർദ്ദേശത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് വിവരങ്ങൾ.
ഇതോടെ ജോലിക്കും വിദേശത്തേക്ക് പോകാനും കാത്തിരിക്കുന്നവരാണ് നിലവിലെ സാഹചര്യത്തിൽ ദുരിതത്തിലായത്. ഇതിനിടെ സിപിഎം ഇടപെട്ടതോടെ പ്രതിദിന ലൈസൻസ് 30 ൽ നിന്ന് 40 ആക്കി ഉയർത്തി. 15 വർഷം കാലാവധി ഉള്ള വാഹനങ്ങൾ മാറ്റാൻ ആറ് മാസത്തെ സാവകാശവും നൽകിയിട്ടുണ്ട്. സംസ്ഥാനത്താകെ ഉള്ളത് 86 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളാണ് ഉള്ളത്. ഇതിൽ പത്തെണ്ണം മാത്രമാണ് സർക്കാരിന്റെ കയ്യിലുള്ളത്.
കൂടുതൽ ഗ്രൗണ്ട് കണ്ടെത്തി പരിഷ്ക്കരണവുമായി മുന്നോട്ട് നീങ്ങുമെന്നും ഗതാഗതവകുപ്പ് പറഞ്ഞിരുന്നു. പ്രതിസന്ധി മറികടക്കാൻ കൂടുതൽ ഗ്രൗണ്ട് എപ്പോൾ കണ്ടെത്തുമെന്ന വിഷയത്തിൽ ഇപ്പോഴും വ്യക്തതയില്ല. 23 നാണ് മന്ത്രി അടുത്ത ചർച്ച വിളിച്ചിരിക്കുന്നത്. ഇപ്പോൾ ഗതാഗതമന്ത്രി നിലവിൽ ഇന്തോനേഷ്യയിലാണ് ഉള്ളത്. 14 നാണ് ഗണേഷ് കുമാർ ഇന്തോനേഷ്യയിൽ നിന്ന് മടങ്ങിയെത്തുക എന്നാണ് വിവരം. ഗതാഗത വകുപ്പ് കടുംപിടുത്തത്തിൽ തുടരുകയാണ്. അതു തുടുന്നതിനാൽ തന്നെ ഏകപക്ഷീയ തീരുമാനം വെണ്ടെന്ന നിലപാടിലാണ് സിപിഎം നേതാക്കൾ .