M A Baby: സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി തന്നെയോ? അന്തിമ തീരുമാനം ഇന്ന്
M A Baby Likely to Be New CPIM General Secretary: കഴിഞ്ഞ ദിവസം ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ കോർഡിനേറ്റർ പ്രകാശ് കാരാട്ട് എം എ ബേബിയുടെ പേരാണ് നിർദ്ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിർദേശിക്കുന്നതെന്നായിരുന്നു വിശദീകരണം.

മധുര: 24ാം സിപിഐഎം പാർട്ടി കോൺഗ്രസ് അവസാനിക്കുമ്പോൾ ജനറൽ സെക്രട്ടറിയായി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് കൂടിയായ എം എ ബേബിയെ തിരഞ്ഞെടുക്കുമെന്ന് സൂചന. പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരളം മുന്നോട്ട് വെച്ചത് എം എ ബേബിയുടെ പേരാണ് . എന്നാൽ, കിസാൻ സഭാ നേതാവ് അശോക് ധാവ്‌ളയും പശ്ചിമ ബംഗാൾ ഘടകവും ഇതിനെ എതിർക്കുന്നുവെന്നാണ് സൂചന. ഭൂരിപക്ഷ പിന്തുണ ബേബിക്കാണ്. പിബി നിർദേശമായി കേന്ദ്ര കമ്മിറ്റിയിൽ വെക്കുക ബേബിയുടെ പേരാണ്. അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും.
കഴിഞ്ഞ ദിവസം ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ കോർഡിനേറ്റർ പ്രകാശ് കാരാട്ട് എം എ ബേബിയുടെ പേരാണ് നിർദ്ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിർദേശിക്കുന്നതെന്നായിരുന്നു വിശദീകരണം. ഇതിനെ എതിർത്ത് അശോക് ധാവ്‌ളെ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേര് നിർദേശിച്ചെങ്കിലും ജനറൽ സെക്രട്ടറിയാകാൻ ഇല്ലെന്നായിരുന്നു സലീമിന്റെ മറുപടി. ഒടുവിൽ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് എം എ ബേബിയെ തന്നെ നിർദേശിക്കാൻ പിബി തീരുമാനിക്കുകയായിരുന്നു.
ALSO READ: കൊച്ചിയിലെ തൊഴിൽ പീഡനം; രണ്ട് വ്യക്തികൾ തമ്മിലുണ്ടായ പ്രശ്നം; പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തൽ
മലയാളിയും കിസാൻസഭ ജനറൽ സെക്രട്ടറിയുമായ വിജു കൃഷ്ണൻ, അരുൺ കുമാർ (ആന്ധ്രാ പ്രദേശ്), മറിയം ധാവ്‌ളെ (മഹാരാഷ്ട്ര), ജിതേന്ദ്ര ചൗധരി (ത്രിപുരാ) തുടങ്ങിയവരും പിബിയിൽ എത്തുമെന്നാണ് സൂചന. പ്രായപരിധി പിന്നിട്ടതിനെ തുടർന്ന് പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ എന്നിവർ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായിരിക്കും. പ്രകാശ് കാരാട്ട് ഉൾപ്പടെ ആറു പേരാണ് പിബിയിൽ നിന്ന് ഒഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവ് അനുവദിക്കുന്നതിനെ കുറിച്ച് ഞായറാഴ്ച ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ചർച്ച നടക്കും.