Crime News: വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തു, പിന്നാലെ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം; ഏഴ് വര്‍ഷത്തിന് ശേഷം ദമ്പതികള്‍ പിടിയില്‍
Alappuzha Mannar Case: വിചാരണ കാലയളവില്‍ ഇരുവരും കോടതിയില്‍ ഹാജരാകാതിരുന്നതോടെ പ്രതികള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനുകുമാർ എംകെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും, മാന്നാര്‍ പൊലീസുമാണ് അന്വേഷണം നടത്തിയത്

മാന്നാര്‍: വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത ശേഷം യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ദമ്പതികള്‍ ഏഴു വര്‍ഷത്തിനുശേഷം പിടിയില്‍. മാന്നാർ ചെന്നിത്തല സ്വദേശി പ്രവീൺ (43), ഭാര്യ മഞ്ചു (39) എന്നിവരാണ് പിടിയിലായത്. 2018ലാണ് സംഭവം നടന്നത്. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനിയെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് പിടിയിലായത്. യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയ പ്രവീണ്‍ 1.30 ലക്ഷം രൂപ തട്ടിയെടുത്തു. തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
യുവതി മാന്നാറിലെത്തിയപ്പോഴായിരുന്നു കൊലപാതക ശ്രമം. വലിയ പെരുമ്പുഴ പാലത്തില്‍ നിന്നും ദമ്പതികള്‍ യുവതിയെ പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. തുടര്‍ന്ന് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.
വിചാരണ കാലയളവില്‍ ഇരുവരും കോടതിയില്‍ ഹാജരാകാതിരുന്നതോടെ പ്രതികള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനുകുമാർ എംകെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും, മാന്നാര്‍ പൊലീസുമാണ് അന്വേഷണം നടത്തിയത്. ചെങ്ങന്നൂരില്‍ നിന്നാണ് പ്രവീണിനെ പിടികൂടിയത്. റാന്നിയില്‍ നിന്ന് മഞ്ചുവിനെയും പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മോഷണം, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയാണ് പ്രവീണ്‍.




പിതാവ് മകനെ കുത്തിപ്പരിക്കേൽപിച്ചു
കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് മകനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പിച്ചു. കോഴിക്കോട് ഏലത്തൂരിലാണ് സംഭവം. പുതിയങ്ങാടി അത്താണിക്കൽ സ്വദേശി ജംഷീറിനെയാണ് പിതാവ് ജാഫർ പരിക്കേല്‍പിച്ചത്. ജംഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ജാഫറിനെ കസ്റ്റഡിയിലെടുത്തു.